'ദയവുചെയ്ത് ചികിത്സ കഴിയുന്നത് വരെ സോഷ്യൽ മീഡിയ ജഡ്ജ്മെന്റ് നടത്തരുത്, എനിക്ക് പറയാനുള്ള സമയമെങ്കിലും തരണം': അപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി യൂട്യൂബർ ദിൽഷാദ്
text_fieldsദിൽഷാദ് യാത്ര ടുഡേ
മലപ്പുറം : മേഘാലയയിലെ ഖാസി ഹിൽസ് ഫോറസ്റ്റ് മേഖലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കാണാതായെന്ന വാർത്തകൾക്ക് പിന്നാലെ, നാട്ടിൽ തിരിച്ചെത്തി ആശുപത്രിയിൽ കഴിയുന്ന യൂട്യൂബർ ദിൽഷാദ് ('യാത്ര ടുഡേ') പ്രതികരണവുമായി രംഗത്ത്. ചികിത്സ തുടരുന്നതിനാൽ കൂടുതൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും, ഈ ഘട്ടത്തിൽ സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണങ്ങളും വിധിയെഴുത്തുകളും നടത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ദിൽഷാദ് വീഡിയോ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. "ചികിത്സ പുരോഗമിക്കുകയാണ്. കൂടുതൽ സംസാരിക്കാൻ പറ്റാത്തതുകൊണ്ടാണ് വീഡിയോയുമായി വരാത്തത്. ബന്ധുക്കളായാലും സ്നേഹിക്കുന്നവരായാലും സുഹൃത്തുക്കളുമെല്ലാം പല പല വിഷയങ്ങളാണ് നടക്കുന്നത് എന്നാണ് പറയുന്നത്. ഈ ട്രീറ്റ്മെന്റൊന്ന് കഴിഞ്ഞുവന്നിട്ട് ഞാനായി എനിക്ക് പറയാനുള്ള സമയമെങ്കിലും തരണം. അതിനുമുമ്പുള്ള ജഡ്ജ്മെന്റുകൾക്ക് തൽക്കാലം ചെവികൊടുക്കാതിരിക്കുക. ചികിത്സ കഴിഞ്ഞ് വന്നിട്ട് സമാധാനപരമായി വിശദമായി സംസാരിക്കാം. ഇതിന്റെ പേരിൽ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്..." ആശുപത്രി കിടക്കയിൽ നിന്നുള്ള ദിൽഷാദിന്റെ വാക്കുകളിൽ പ്രയാസം വ്യക്തമായിരുന്നു.
അപകടസമയത്ത് ഹെൽമറ്റ് തെറിച്ചുപോയെന്നും മുഖമടിച്ച് വീണതിനാൽ വായിലെ മോണയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, അതാണ് സംസാരിക്കാൻ പ്രയാസമെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ പൂർത്തിയായ ശേഷം സംഭവത്തെക്കുറിച്ച് നേരിട്ട് വീഡിയോയിലൂടെ വിശദീകരിക്കുമെന്നും, ഈ സമയമത്രയും കൂടെനിൽക്കുകയും സഹകരിക്കുകയും ചെയ്ത ഏവർക്കും ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നുവെന്നും ദിൽഷാദ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആറിന് യൂട്യൂബ് വീഡിയോ ഷൂട്ടിങ്ങിനായി വീട്ടിൽ നിന്നിറങ്ങിയ മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയായ ദിൽഷാദിനെക്കുറിച്ച് നാല് ദിവസത്തോളം വിവരമൊന്നുമില്ലായിരുന്നു. കുടുംബം തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മേഘാലയയിൽ വെച്ച് അപകടത്തിൽ പെട്ട നിലയിൽ അദ്ദേഹത്തെ കണ്ടെത്തുന്നത്. തുടർന്ന് അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് നാട്ടിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

