സമരക്കാരെ മർദിച്ചെന്ന പരാതി; യതീഷ്ചന്ദ്രയെ വിസ്തരിച്ചു
text_fieldsആലുവ: സമരക്കാരെ മർദിച്ചെന്ന പരാതിയിൽ മുൻ കൊച്ചി ഡി.സി.പി യതീഷ്ചന്ദ്രയെ മനുഷ്യാവകാശ കമീഷൻ വിസ്തരിച്ചു. പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാൻറിനെതിരെ സമരം നടത്തിയവരെ മര്‍ദിച്ചെന്ന പരാതിയിലാണ് ഇപ്പോൾ തൃശ്ശൂര്‍ ഡി.സി.പിയായ ജി.എച്ച്. യതീഷ്ചന്ദ്രയെ ആലുവയിൽ നടന്ന സിറ്റിങ്ങിൽ കമീഷന് ചെയര്മാന് ജസ്റ്റിസ് ആൻറണി ഡൊമിനിക് ഒരു മണിക്കൂറിലധികം വിസ്തരിച്ചത്. സമരത്തിെൻറ ഭാഗമായി രണ്ടായിരത്തോളം പേരാണ് പ്രതിഷേധവുമായി കൊച്ചി നഗരത്തിലെത്തിയതെന്ന് യതീഷ്ചന്ദ്ര പറഞ്ഞു.
പിറ്റേന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നഗരത്തില്‍ ഉണ്ടായിരുന്നു. ഇതിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. പ്രതിഷേധക്കാരില്‍ ചിലരെ അറസ്റ്റ് ചെയ്തുനീക്കുകയാണ് ഉണ്ടായത്. അക്രമാസക്തരായവര്ക്കുനേരെ ലാത്തിവീശി. ഇത് ലാത്തിച്ചാർജ് ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രങ്ങളും ചാനലുകളില്‍ വന്ന വാര്‍ത്തകളുടെ വിഡിയോയും കാണിച്ചാണ് സമരസമിതി അഭിഭാഷകന് വിസ്താരം നടത്തിയത്.
സമരസമിതി പ്രവര്ത്തകന് സ്വാതിഷിനു നേരെ ലാത്തി പ്രയോഗിക്കുന്നതും മറ്റും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. പൊലീസ് നിര്‍ദേശം അനുസരിക്കാതെ റോഡില്‍ കിടന്നപ്പോഴാണ് ലാത്തി ഉപയോഗിച്ചതെന്നായിരുന്നു യതീഷ്ചന്ദ്രയുടെ വിശദീകരണം. വിസ്താരം പൂര്‍ത്തിയാക്കാത്തതിനാല്‍ സെപ്റ്റംബറിലേക്ക് കേസ് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
