Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അയാൾ പറഞ്ഞിട്ടാണോ...

‘അയാൾ പറഞ്ഞിട്ടാണോ വെടി നിർത്തൽ? പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശ്ശബ്ദനാകുന്നത്? അങ്ങയുടെ ധാർമികരോഷം എന്താണ് ഉണരാത്തത്...’

text_fields
bookmark_border
‘അയാൾ പറഞ്ഞിട്ടാണോ വെടി നിർത്തൽ? പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശ്ശബ്ദനാകുന്നത്? അങ്ങയുടെ ധാർമികരോഷം എന്താണ് ഉണരാത്തത്...’
cancel

തിരുവനന്തപുരം: തന്‍റെ ഇടപെടലാണ് ഇന്ത്യ-പാകിസ്താൻ വെടിനിർത്തലിനു പിന്നിലെന്ന് തുടർച്ചയായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ചോദ്യം ചെയ്ത് എഴുത്തുകാരി സുധാ മേനോൻ.

അമേരിക്കൻ പ്രസിഡന്‍റ് അദ്ദേഹത്തിന്റെ ഇടപെടൽ മൂലം ഒഴിഞ്ഞുപോയ യുദ്ധമാണ് എന്ന് മേനി പറയുന്നത് ശരിയാണോ? അയാൾ പറഞ്ഞിട്ടാണോ വെടി നിർത്തൽ നടന്നത്? എന്താണ് അക്കാര്യത്തിൽ താങ്കൾ (മോദി) മൗനം പാലിക്കുന്നത്? അമേരിക്കൻ ഇടപെടൽ ഉണ്ടായോ എന്നതിന് ഉത്തരം നൽകേണ്ട ധാർമികവും ന്യായവുമായ രാഷ്ട്രീയബാധ്യത അങ്ങേക്ക് ഇല്ലേയെന്നും സുധാ മേനോൻ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.

പതിവ് വാചാടോപങ്ങൾക്കപ്പുറംചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പ്രധാനമന്ത്രിയിൽ നിന്നുണ്ടായില്ല എന്നത് അതിവിചിത്രമാണ്. കശ്മീർ വിഷയത്തിൽ നിഷ്പക്ഷരായ മൂന്നാം കക്ഷി വേണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നത് പാകിസ്താനാണ്, ഇന്ത്യ അല്ല. നമ്മുടെ അവിഭാജ്യഘടകമാണ് കശ്മീർ എന്നതാണ് ഇക്കാര്യത്തിൽ 1947 മുതൽ ഇന്ത്യയുടെ നിലപാട്. ആ പാരമ്പര്യത്തെ പാടെ റദ്ദ് ചെയുന്ന വിധത്തിൽ, ട്രംപ് സംസാരിക്കുമ്പോൾ തന്നെ അമേരിക്കയുടെ ഇരട്ടത്താപ്പും പാകിസ്താൻ ചായ്‌വും സുവ്യക്തമാണ്. എന്നിട്ടും പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശ്ശബ്ദനാകുന്നത്? അങ്ങയുടെ ധാർമികരോഷം എന്താണ് ഉണരാത്തതെന്നും കുറിപ്പിൽ അവർ ചോദിച്ചു.

എങ്ങനെയാണ് കശ്മീരിൽ സുരക്ഷാവീഴ്ച ഉണ്ടായത്? അതിനെക്കുറിച്ചുള്ള അന്വേഷണം ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് നടത്തുമോ? എന്തുകൊണ്ടാണ് അങ്ങ് സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാത്തത്? എന്തുകൊണ്ടാണ് പാർലമെന്റിന്റെ പ്രത്യേകസമ്മേളനം ഇനിയും വിളിച്ചു ചേർക്കാത്തതെന്നും അവർ കുറിപ്പിൽ ചോദിക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

ബഹുമാന്യനായ പ്രധാനമന്ത്രീ,

കക്ഷി രാഷ്ട്രീയഭേദമില്ലാതെ ഇന്ത്യൻ ജനത ഒരൊറ്റ മനസോടെ പിന്തുണച്ച ഓപ്പറേഷൻ സിന്ദൂരവും വെടി നിർത്തലും അവസാനിക്കുമ്പോൾ കുറേ ചോദ്യങ്ങൾ ബാക്കിയായിരുന്നു. അതിനുള്ള ഉത്തരമാണ് അങ്ങയിൽ നിന്നും പ്രതീക്ഷിച്ചത്. പക്ഷെ പതിവ് വാചാടോപങ്ങൾക്കപ്പുറം ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പ്രധാനമന്ത്രിയിൽ നിന്നുണ്ടായില്ല എന്നത് അതിവിചിത്രമാണ്. അതുകൊണ്ട് ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ ചോദിക്കട്ടെ...

വെടി നിർത്തൽ ലോകത്തെ അറിയിച്ചതു മുതൽ, അമേരിക്കൻ പ്രസിഡണ്ട് ഇത് അദ്ദേഹത്തിന്റെ ഇടപെടൽ മൂലം ഒഴിഞ്ഞുപോയ യുദ്ധമാണ് എന്ന് മേനി പറയുന്നുണ്ട്. ഇത് ശരിയാണോ?അയാൾ പറഞ്ഞിട്ടാണോ വെടി നിർത്തൽ നടന്നത്? എന്താണ് അക്കാര്യത്തിൽ താങ്കൾ മൗനം പാലിക്കുന്നത്? അമേരിക്കൻ ഇടപെടൽ ഉണ്ടായോ എന്നതിന് ഉത്തരം നൽകേണ്ട ധാർമികവും ന്യായവുമായ രാഷ്ട്രീയബാധ്യത അങ്ങേക്ക് ഇല്ലേ?

ഇന്ത്യയുടെ വെടി നിർത്തൽ പരസ്യമായി ലോകത്തോട് പ്രഖ്യാപിക്കാൻ ശരിക്കും അമേരിക്കൻ പ്രസിഡണ്ട് ‌ ആണോ ഒരു സ്വതന്ത്ര പരമാധികാര ജനായത്തരാഷ്ട്രമായ ഇന്ത്യയുടെ രക്ഷാകർത്താവ്? അല്ലെങ്കിൽ, ട്രമ്പിനോട് എന്തുകൊണ്ടാണ് ഇന്ത്യയുടെ പ്രതിഷേധം അറിയിക്കാത്തത്? പണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അമേരിക്ക ശക്തമായി പിന്തുണക്കുന്ന കാലത്ത് പോലും ക്വിറ്റ് ഇന്ത്യാ സമരം നിർത്തണം എന്ന് അമേരിക്കൻ പ്രസിഡണ്ട് റൂസ് വെൽറ്റ് ആവശ്യപ്പെട്ടപ്പോൾ " റൂസ് വെൽറ്റ് അല്ല ബാപ്പു ആണ് എന്റെ നേതാവ്' എന്ന് നെഹ്‌റു പറഞ്ഞത് അമേരിക്കൻ മാധ്യമങ്ങളോടായിരുന്നു. അന്ന് നമ്മൾ വെറും കോളനി മാത്രമായിരുന്നു എന്ന് അങ്ങയെ ഓർമ്മിപ്പിക്കട്ടെ.

കശ്മീർ പ്രശ്നം തീർക്കാൻ തയ്യാറാണെന്ന ട്രമ്പിനോട്, അമേരിക്ക അന്താരാഷ്ട്രകോടതിയോ ഐക്യരാഷ്ട്രസഭയോ ആയി സ്വയം പരിണമിക്കേണ്ടതില്ല എന്ന് നിർഭയം വിളിച്ചു പറയാൻ എന്താണ് തടസം? ഓർക്കുക, കാശ്മീർ വിഷയത്തിൽ നിഷ്പക്ഷരായ മൂന്നാം കക്ഷി വേണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നത് പാകിസ്ഥാൻ ആണ്, ഇന്ത്യ അല്ല. നമ്മുടെ അവിഭാജ്യഘടകമാണ് കശ്മീർ എന്നതാണ് ഇക്കാര്യത്തിൽ 1947 മുതൽ ഇന്ത്യയുടെ നിലപാട്. ആ പാരമ്പര്യത്തെ പാടെ റദ്ദ് ചെയുന്ന വിധത്തിൽ, ട്രമ്പ് സംസാരിക്കുമ്പോൾ തന്നെ അമേരിക്കയുടെ ഇരട്ടത്താപ്പും പാകിസ്ഥാൻ ചായ്‌വും സുവ്യക്തമാണ്. എന്നിട്ടും പ്രധാനമന്ത്രി എന്തുകൊണ്ടാണ് നിശ്ശബ്ദനാകുന്നത്? അങ്ങയുടെ ധാർമികരോഷം എന്താണ് ഉണരാത്തത്?

'ആയിരം വർഷങ്ങളായി തുടരുന്ന കശ്മീർപ്രശ്നം' എന്ന മണ്ടത്തരം ട്രമ്പ് വീണ്ടും വീണ്ടും ആവർത്തിക്കുമ്പോഴും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രാലയവും എന്താണ് നിശ്ശബ്ദരായിരിക്കുന്നത്? വസ്തുതാപരവും ഗുരുതരവുമായ ആ തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള ധൈര്യം പോലും നമുക്ക് ഇല്ലാതെപോയോ? 1971 ൽ എങ്ങനെയാണ് ഇന്ദിരാഗാന്ധി നിക്‌സണെയും അമേരിക്കയെയും നേരിട്ടത് എന്ന് ചരിത്രം വായിച്ചാൽ അറിയാം. നമ്മൾക്കു ഇന്ദിര 'ദുർഗ' ആയിരുന്നുവെങ്കിൽ അമേരിക്കക്ക് അവർ 'വെറും വൃദ്ധയക്ഷി' യായത് എങ്ങനെ എന്ന് അന്വേഷിച്ചു നോക്കു.

ഇന്ത്യയും പാകിസ്ഥാനുമായുള്ള വ്യാപാരം നിർത്തുമെന്ന ഭീഷണി മുഴക്കിയാണ് വെടി നിർത്തൽ സമ്മതിച്ചത് എന്ന ട്രമ്പിന്റെ അവകാശവാദം തെറ്റാണെങ്കിൽ അതെന്താണ് താങ്കൾ ഇന്ത്യൻ ജനതയോട് പറയാത്തത്?

പഹൽഗാമിൽ നിരപരാധികൾക്കെതിരെ ക്രൂരമായ ആക്രമണം നടത്തിയ തീവ്രവാദികൾ എവിടെയാണ് എന്ന ചോദ്യം ഇപ്പൊഴും ബാക്കിയാണ്. എന്താണ് താങ്കൾ മിണ്ടാത്തത്?

എങ്ങനെയാണ് കാശ്മീരിൽ സുരക്ഷാവീഴ്ച ഉണ്ടായത്? അതിനെക്കുറിച്ചുള്ള അന്വേഷണം ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് നടത്തുമോ?

എന്തുകൊണ്ടാണ് അങ്ങ് സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാത്തത്? എന്തുകൊണ്ടാണ് പാർലമെന്റിന്റെ പ്രത്യേകസമ്മേളനം ഇനിയും വിളിച്ചു ചേർക്കാത്തത്? 1962ൽ ജനസംഘത്തിന്റെ നേതാവായിരുന്ന വാജ്‌പേയ് ആവശ്യപ്പെട്ട ഉടനെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നടത്തിയ നെഹ്രുവും ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു എന്ന് താങ്കൾ ഓർമിക്കണം..

യുദ്ധമല്ല, സമാധാനമാണ് ഇന്ത്യയുടെ വഴി. ബുദ്ധനും, അശോകനും, അക്ബറും, ബാപ്പുവും ഒക്കെ അമരാകുന്നത് സമാധാനത്തിന്റെയും സഹജീവനത്തിന്റെയും വഴി കാണിച്ചു തന്നതുകൊണ്ടാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെറുപ്പും പോർവിളിയും മാത്രം പ്രസരിപ്പിച്ച കുറേ മാധ്യമങ്ങളെയും മത ധ്രുവീകരണം നടത്താൻ ശ്രമിക്കുന്ന വർഗീയവാദികളെയും അങ്ങ് കാണുന്നില്ലേ? എന്താണ് അങ്ങ് ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്? 1965ൽ ശാസ്ത്രിജിയും, 1971ൽ ഇന്ദിരാജിയും ജനങ്ങളോടും പ്രതിപക്ഷത്തോടും സംയമനം പാലിക്കാനും ഇന്ത്യാ- പാക് യുദ്ധത്തെ മതപരമായി വ്യാഖ്യാനിക്കാതിരിക്കാനും അഭ്യർത്ഥിച്ചിരുന്നു.

രാജ്യത്തോട് പ്രധാനമന്ത്രി സംസാരിക്കുമ്പോൾ ഈ പ്രാഥമിക ചോദ്യങ്ങൾക്ക് എങ്കിലും ഉത്തരം വേണം.പക്ഷെ, നിരാശയോടെ പറയട്ടെ, അർത്ഥമില്ലാത്ത വാചാടോപം മാത്രമായിരുന്നു നമ്മൾ ഇന്നലെ കേട്ടത്. അതുകൊണ്ട് അങ്ങ് പാർലമെന്റിൽ എങ്കിലും ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയുമെന്ന് വിശ്വസിക്കുന്നു

എല്ലാറ്റിനും ഉപരിയായി, പ്രതിസന്ധിഘട്ടത്തിൽ ഏറ്റവും യുക്തിപൂർവമായും, നിർഭയമായും, മതേതരമായും, ജനാധിപത്യരാജ്യത്തിൽ തങ്ങൾക്കുള്ള അതിരുകൾ കടക്കാതെയും ഇടപെട്ട ഇന്ത്യൻ സൈന്യത്തിന് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുമല്ലോ..

ആദരവോടെ,

സുധാ മേനോൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modisudha menonOperation Sindoor
News Summary - Writer Sudha Menon questions Prime Minister Narendra Modi's silence
Next Story