എം.മുകുന്ദന്റെ സഹോദരനും എഴുത്തുകാരനുമായ എം.രാഘവൻ നിര്യാതനായി
text_fieldsമാഹി: പ്രമുഖ ചെറുകഥാകൃത്തും നാടക രചയിതാവും നോവലിസ്റ്റും വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദന്റെ ജേഷ്ഠ സഹോദരനുമായ എം.രാഘവൻ (95 ) നിര്യാതനായി. തിങ്കളാഴ്ച പുലർച്ചെ 5.30 ന് ഭാരതിയാർ റോഡിലെ സാഹിത്യ തറവാടായ മണിയമ്പത്തായിരുന്നു അന്ത്യം.
ദില്ലിയിലെ ഫ്രഞ്ച് എംബസി സാംസ്കാരിക വകുപ്പിൽ ദീർഘകാലം ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ഫ്രഞ്ചധീന മയ്യഴിയിൽ ഹോട്ടൽ ഉടമയായിരുന്ന മണിയമ്പത്ത് കൃഷ്ണന്റേയും, കൊറമ്പാത്തിയമ്മയുടേയും മൂത്ത മകനാണ്.
ഭാര്യ: അംബുജാക്ഷി (ഒളവിലം), മക്കൾ:ഡോ.പിയൂഷ് (കോയമ്പത്തൂർ ), സന്തോഷ്. മരുമക്കൾ:ഡോ.മൻവീൻ (പഞ്ചാബ്), പ്രഭ (ധർമ്മടം). സഹോദരങ്ങൾ: നോവലിസ്റ്റ് എം.മുകുന്ദന്, മണിയമ്പത്ത് ശിവദാസ് (റിട്ട:ചീഫ് എഞ്ചിനീയർ ഭക്രാനംഗൽ), എം.വിജയലക്ഷ്മി (ധർമ്മടം), പരേതരായ മണിയമ്പത്ത് ബാലൻ (എഞ്ചിനീയർ ) കഥാകൃത്ത് എം. ശ്രീജയൻ ( പെരിങ്ങാടി) , എഴുത്തുകാരി കൗസല്യ, ദേവകി (മാഹി). സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മാഹി മുൻസിപ്പൽ വാതക ശ്മശാനത്തിൽ.
മാഹി എക്കോൽ സെംത്രാൽ എ കൂർ കോംപ്ലമാംതേറിൽ നിന്ന് മികച്ച രീതിയിൽ ബ്രവേ പരീക്ഷ പാസായ രാഘവൻ മുംബൈ ഫ്രഞ്ച് കോൺസുലേറ്റിന്റെ സാംസ്കാരിക വിഭാഗത്തിലും ദില്ലിയിലെ എംബസിയിലും ജോലി ചെയ്തു. 1983-ൽ എംബസിയിലെ സാംസ്കാരികവിഭാഗം സെക്രട്ടറിയായി ജോലിയിൽ നിന്ന് വിരമിച്ചു. പിന്നീട് മാഹിയിൽ സ്ഥിര താമസമാക്കിയ അദ്ദേഹം സാഹിത്യരചനയിൽ മുഴുകുകയായിരുന്നു. .
നനവ് (ചെറുകഥാസമാഹാരം), വധു (ചെറുകഥാസമാഹാരം), സപ്തംബർ അകലെയല്ല (ചെറുകഥാസമാഹാരം), ഇനിയുമെത്ര കാതം (ചെറുകഥാസമാഹാരം), നങ്കീസ് (നോവൽ), അവൻ (നോവൽ), യാത്ര പറയാതെ(നോവൽ), ചിതറിയ ചിത്രങ്ങൾ(നോവൽ), കർക്കിടകം(നാടകം), ചതുരംഗം (നാടകം), എം.രാഘവന്റെ സമ്പൂർണ കഥാസമാഹാരം, ദോറയുടെ കഥ, ഹെലൻ സിൿസ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവർത്തനം എന്നിവയാണ് പ്രധാന കൃതികൾ.
ഫ്രഞ്ച് ഭാഷാ പണ്ഡിതനായ അദ്ദേഹം മയ്യഴി അലിയാൻസ് ഫ്രാൻസേസിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മയ്യഴിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ യൂന്യോം ദ് അമിക്കാലിന്റെ പ്രസിഡണ്ടും, മലയാള കലാഗ്രാമത്തിൽ ആരംഭകാലം തൊട്ട് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ദില്ലിയിലെ മലയാളിസമാജത്തിന്റെ വാർഷികങ്ങൾക്കായി ധാരാളം നാടകങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ അംബുജാക്ഷി ഒട്ടുമിക്ക നാടകങ്ങളിലും നായികയായി വേഷമിട്ടിരുന്നു. ഇളക്കങ്ങൾ എന്ന കഥ അതേ പേരിൽ ചലച്ചിത്രമായിട്ടുണ്ട്. ഫ്രഞ്ചിൽ നിന്നും ഒട്ടേറെ ചെറുകഥകളും നാടകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
പുതുച്ചേരി സർക്കാർ മലയാളരത്നം ബഹുമതി നൽകി ആദരിച്ചു. 2008 ലെ നോവലിനുള്ള അബൂദാബി ശക്തി അവാർഡ് ചിതറിയ ചിത്രങ്ങൾക്ക്ലഭിച്ചു. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, കേരള സാഹിത്യ അക്കാദമി തുടങ്ങി ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

