നടന്ന് ലോകം ചുറ്റി ക്യുനോ കിഴക്കിെൻറ വെനീസിൽ; ലക്ഷ്യം ചൈന
text_fieldsആലപ്പുഴ: ജർമൻ സ്വദേശിയായ ക്യുനോ നടന്ന് തുടങ്ങിയിട്ട് പത്ത് മാസമായി. ലക്ഷ്യം ചൈനയാണ്. മരിക്കുന്നതിന് മുമ്പ് ലോകം നടന്ന് കാണണമെന്നാണ് ആഗ്രഹം. 67കാരനായ ക്യുനോക്ക് പ്രായം ഇതിന് തടസ്സമല്ല. ആലപ്പുഴയിൽ എത്തിയപ്പോഴേക്കും അദ്ദേഹം 8,400 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞു. ലക്ഷ്യസ്ഥാനത്തേക്ക് ഇനിയുമുണ്ട് 15,600 കിലോമീറ്റർ ദൂരം.
ജർമനിയിൽ ആശാരിപ്പണി ചെയ്തിരുന്ന ക്യുനോ ജോലിയിൽനിന്ന് വിരമിച്ചശേഷമാണ് അഭിലാഷം പൂർത്തിയാക്കാനിറങ്ങിയത്. ഓരോ പ്രദേശത്ത് എത്തുമ്പോഴും അവിടത്തെ വേഷമായിരിക്കും ധരിക്കുക. ആലപ്പുഴയിൽ എത്തിയപ്പോൾ കള്ളിമുണ്ടും ബനിയനുമാക്കി വേഷം. ഇതിനകം ഓസ്ട്രിയ, ഹംഗറി, സെർബിയ, ബൾഗേറിയ, ഗ്രീസ്, തുർക്കി, ക്രൊയേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ കണ്ടുകഴിഞ്ഞു. ഇതിന് ശേഷമാണ് 16ന് കേരളത്തിൽ എത്തിയത്.
യാത്രാവേളയിൽ തനിക്ക് വേണ്ട സാധനങ്ങൾ ചെറിയ ട്രോളിബാഗിലാണ് കരുതിയിരിക്കുന്നത്. രാവിലെ 10 മുതൽ തുടങ്ങുന്ന നടത്തം ഉച്ചക്ക് ഒരുമണിവരെ നീളും. ഇതിനിടെ വിശ്രമത്തിനും ഭക്ഷണത്തിനുമായി അരമണിക്കൂർ ചെലവഴിക്കും. വഴിയോരങ്ങളിൽ ചെറിയ കുടിൽ കെട്ടിയാണ് താമസം. യാത്രാവേളയിൽ അന്തിയുറങ്ങാൻ ചിലർ സൗകര്യമൊരുക്കി മുന്നോട്ട് വരാറുണ്ട്. വിസക്ക് മാത്രമാണ് പണം ചെലവാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ചൂട് അസഹനീയമാണെന്നും എന്നാൽ, നാട് വളരെ സുന്ദരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.