ലിനിക്ക് ആദരമര്പ്പിച്ച് ലോകാരോഗ്യ സംഘടന
text_fieldsകോഴിക്കോട്: നിപ രോഗീപരിചരണത്തിലൂടെ വൈറസ്ബാധയേറ്റ് ജീവൻ പൊലിഞ്ഞ നഴ്സ് ലിനി പുതുച്ചേരിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരാഞ്ജലി. സംഘടനയുടെ ഹെൽത്ത് വർക്ക്ഫോഴ്സ് ഡയറക്ടർ ജിം കാംപെലിെൻറ ട്വിറ്റർ പേജിലാണ് ലിനിക്ക് അത്യപൂർവമായ ആദരമർപ്പിച്ചത്.
കഴിഞ്ഞ ദിവസം ഫലസ്തീനിൽ പരിക്കേറ്റ സമപ്പോരാളികളെ ശുശ്രൂഷിക്കുന്നതിനിടെ ഇസ്രായേൽ സൈന്യത്തിെൻറ വെടിയേറ്റു മരിച്ച ‘ഗസ്സയിലെ മാലാഖ’ എന്നു വിശേഷിക്കപ്പെട്ട റസാൻ അൽ നജ്ജാർ, ആഫ്രിക്കയിൽ എബോള വൈറസിനെതിരെ പോരാടിയ ധീരവനിത സലോമി കർവ എന്നിവർക്കൊപ്പമാണ് ലിനിയെ ലോകാരോഗ്യ സംഘടന അനുസ്മരിച്ചത്. ‘‘റസാൻ അൽ നജ്ജാർ (ഗസ്സ), ലിനി പുതുശ്ശേരി (ഇന്ത്യ), സലോമി കർവ (ലൈബീരിയ) ഇവരെ മറന്നുപോയിട്ടുണ്ടെങ്കിൽ ഓർത്തെടുക്കുക’’ എന്ന വരി വിമൻ ഇൻ ഗ്ലോബൽ ഹെൽത്ത്, നോട്ട് എ ടാർഗറ്റ് എന്നീ ഹാഷ്ടാഗുകളോടെയാണ് ട്വീറ്റ് ചെയ്തത്. മൂവരുടെയും ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്.
Remember them, lest we forget: Razan al-Najjar (Gaza); Lini Puthussery (India); Salome Karwah (Liberia). #WomeninGlobalHealth, #NotATarget pic.twitter.com/UmpBb88oA7
— Jim Campbell (@JimC_HRH) June 2, 2018
ലണ്ടനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദി ഇകണോമിസ്റ്റ്’ അന്താരാഷ്ട്ര മാസിക ചരമകോളത്തിൽ ലിനിക്ക് ആദരമർപ്പിച്ച് ലേഖനമെഴുതിയിരുന്നു. ‘ട്രീറ്റിങ് എ മിസ്റ്ററി ഡിസീസ്’ എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന ലേഖനത്തിൽ ലിനി മരണകിടക്കയിൽവെച്ച് ഭർത്താവ് സജീഷിനെഴുതിയ കരളലിയിപ്പിക്കുന്ന കത്തും ഉൾപ്പെടുത്തി. ഈ പ്രശസ്ത മാസികയുടെ ചരമകോളത്തിൽ ഉൾപ്പെടുത്തിയ ആദ്യ മലയാളിയാണ് ലിനി.
നിപ പടർന്നുപിടിച്ച പേരാമ്പ്രയിൽ താലൂക്കാശുപത്രിയിലെത്തിയ രോഗിയെ പരിചരിക്കുന്നതിനിടെയാണ് ലിനിയെ വൈറസ് കീഴ്പെടുത്തിയത്. രോഗം ബാധിച്ച് എത്തിയ മുഹമ്മദ് സാബിത്തിൽ നിന്നാണ് ലിനിക്ക് നിപ ബാധിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ലിനിയെ ഡോക്ടർമാരുടെ കഠിനശ്രമങ്ങളെയും സമൂഹത്തിെൻറ പ്രാർഥനയെയും വിഫലമാക്കി നിപ മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
