പുതു കേരളം: സഹായിക്കാമെന്ന് ലോക ബാങ്ക്; ഇനി വേണ്ടത് രാഷ്ട്രീയ തീരുമാനം
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്തിെൻറ പുനർനിർമാണപദ്ധതിക്ക് വായ്പ നൽകാമെന്ന് ലോകബാങ്കും ഏഷ്യൻ വികസനബാങ്കും (എ.ഡി.ബി). സംസ്ഥാനം വായ്പ പദ്ധതി സമർപ്പിക്കണം. തുകയുടെ കാര്യത്തിൽ ധാരണയായിട്ടില്ല. അടിസ്ഥാന മേഖലകളിലടക്കം പദ്ധതികളാണ് ഉദ്ദേശിക്കുന്നത്. കുറഞ്ഞ പലിശയിൽ മധ്യകാല വായ്പയാണ് വാഗ്ദാനം.
പത്ത് ദിവസത്തിനകം ലോകബാങ്ക് സംഘം അടിയന്തര ദുരന്ത നാശനഷ്ടങ്ങളുടെയും ആവശ്യങ്ങളുടെയും നിർണയം നടത്തും. ഇതിനുശേഷം ചീഫ് സെക്രട്ടറിയും വകുപ്പുതല സെക്രട്ടറിമാരുമായും ചർച്ച നടത്തി വായ്പ ഘടന തയാറാക്കും. കേരളത്തെ പുനർനിർമിക്കാനുള്ള യാത്രയിൽ തങ്ങൾ ഒപ്പമുണ്ടാവുമെന്ന് പ്രതിനിധിസംഘം അറിയിച്ചു.
വായ്പ നടപടി ലളിതമാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസുമായി നടത്തിയ ചർച്ചയിൽ ലോകബാങ്ക് പ്രതിനിധികൾ ഉറപ്പുനൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഡോ. തോമസ് െഎസക്, വകുപ്പ് സെക്രട്ടറിമാർ എന്നിവരുമായും സംഘം ചർച്ച നടത്തി. സഹായം നൽകാൻ തയാറാണെന്ന് ലോകബാങ്ക് കൺട്രി ഡയറക്ടർ ഹിഷാം അബ്ദോ, എ.ഡി.ബി ഇന്ത്യ െറസിഡൻറ് മിഷൻ ഡയറക്ടർ കെനിച്ചി യൊക്കായാമോ എന്നിവർ വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ആവശ്യമനുസരിച്ച് സഹായം നൽകും. ചർച്ച ഫലപ്രദമായിരുന്നു. പ്രളയത്തെക്കുറിച്ച് കൂടുതൽ പഠിക്കുമെന്നും അവർ സൂചിപ്പിച്ചു.
ചീഫ് സെക്രട്ടറിയുമായി നടത്തിയ ചർച്ചക്കുശേഷം വകുപ്പ് സെക്രട്ടറിമാരുമായും ലോകബാങ്ക് സംഘം ആശയവിനിമയം നടത്തി. കുടിവെള്ളം, മാലിന്യനിർമാർജനം, ഗതാഗതം അടക്കമുള്ള മേഖലകളിൽ സഹായം വേണമെന്ന നിലപാടാണ് ഉയർന്നത്. ഇതിന് സംസ്ഥാനം പദ്ധതി തയാറാക്കി നൽകണം. സെക്രട്ടറിമാർ അവതരിപ്പിച്ച നിർദേശങ്ങളിൽ ചില ഭേദഗതി അപ്പോൾതന്നെ ലോകബാങ്ക് പ്രതിനിധികൾ നിർദേശിച്ചു.
ഇനി വേണ്ടത് രാഷ്ട്രീയ തീരുമാനം
തിരുവനന്തപുരം: ലോകബാങ്കും എ.ഡി.ബിയും സഹായം വാഗ്ദാനം ചെയ്തെങ്കിലും ഇക്കാര്യത്തിൽ രാഷ്ട്രീയതലത്തിൽ തീരുമാനം വേണ്ടിവരും. തുടർചർച്ചയും ആവശ്യമാണ്. സാധാരണ നടപടിക്രമം പൂർത്തിയാക്കാൻ നാല് വർഷം വരെ എടുക്കാറുണ്ട്. എന്നാൽ, പ്രകൃതി ദുരന്തം എന്ന നിലയിൽ ആറ് മാസം കൊണ്ട് നടപടി പൂർത്തിയാക്കാമെന്നാണ് ലോകബാങ്ക് അറിയിച്ചത്.
ലോകബാങ്ക് വായ്പക്ക് കേന്ദ്ര അനുമതിയും ആവശ്യമുണ്ട്. സംസ്ഥാനത്തിെൻറ വായ്പപരിധിയും ഉയർത്തണം. സംസ്ഥാനത്തുതന്നെ രാഷ്ട്രീയവും നയപരവുമായ തീരുമാനവും ആവശ്യമുണ്ട്. ഉപാധികളില്ലാത്ത വായ്പയോടാണ് താൽപര്യമെന്നാണ് സർക്കാറിെൻറ അവകാശവാദം.
ലോകബാങ്ക് സഹായം ആവശ്യം –മുഖ്യമന്ത്രി
തിരുവനന്തപുരം: പുനരധിവാസത്തിന് നിലവിലെ ബാങ്ക് പദ്ധതികൾ മതിയാവില്ലെന്നും ലോകബാങ്ക് സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി ദുർബല പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റി പുനരധിവസിപ്പിക്കേണ്ടിവരും. ഇത്തരം കാര്യങ്ങളിൽ വേഗത്തിൽ നടപടിയുണ്ടാവണമെന്ന് ലോകബാങ്ക് പ്രതിനിധിസംഘത്തോട് അദ്ദേഹം പറഞ്ഞു.
പുതിയൊരു കേരളത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്രനിലവാരമുള്ള റോഡും പാലവും നിർമിക്കുന്നതിലൂടെ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനാകും. ചെറുകിട കച്ചവടക്കാരും ബിസിനസുകാരും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിനെല്ലാം ലോകബാങ്ക് സഹായം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
