കേരളത്തിലിപ്പോള്‍ അധ്വാനിക്കുന്ന ജനവിഭാഗം ബംഗാളികള്‍ മാത്രം, ചെറുപ്പക്കാരുടെ പലായനം ചർച്ച ചെയ്യണം -എ.കെ. ആന്റണി
text_fieldsതിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് പ്ലസ് ടു പാസായ ചെറുപ്പക്കാരെല്ലാം പലായനം ചെയ്യുന്നത് എന്തുകൊണ്ടെന്ന് എല്ലാവരും ഉറക്കെ ചിന്തിക്കേണ്ട സമയമായെന്ന് എ.കെ. ആന്റണി. കേരളത്തിലിപ്പോള്‍ അധ്വാനിക്കുന്ന ജനവിഭാഗം ബംഗാളികള്‍ മാത്രമാണ്. കേരളം മലയാളികളുടെ നാടല്ലാതായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി മുൻ അധ്യക്ഷന്‍ എം.എം. ഹസന്റെ ആറു പതിറ്റാണ്ട് പിന്നിട്ട രാഷ്ട്രീയ ജീവിതം ആസ്പദമാക്കി തയാറാക്കിയ ‘ദി ലെഗസി ഓഫ് ട്രൂത്ത് - എം.എം. ഹസന്‍ ബിയോണ്ട് ദ ലീഡര്‍’ എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇന്ദിരാഭവനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പില്‍ എം.പി ഡോക്യുമെന്ററിയുടെ ടൈറ്റില്‍ ഏറ്റുവാങ്ങി.
തൊട്ടതെല്ലാം പൊന്നാക്കിയ രാഷ്ട്രീയജീവിത ചരിത്രമാണ് ഹസന്റേത്. ലക്ഷക്കണത്തിന് ചെറുപ്പക്കാര്‍ക്ക് വിദേശത്ത് ജോലി നേടിക്കൊടുത്ത നോര്‍ക്ക റൂട്ട്‌സ് ഹസന്‍ തന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ സ്ഥാപിച്ചതാണ്. കോണ്‍ഗ്രസിന്റെ കുടുംബസംഗമം പരിപാടി, നെഹ്രു സെന്റര്‍, ജനശ്രീ മിഷന്‍, കലാശാല മാസിക തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളാണ്. തിരുവനന്തപുരത്ത് കെ.എസ്.യു വേരോടിയത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. പട്ടിണി കിടന്നും കാളവണ്ടിയില്‍ സഞ്ചിരിച്ചും മര്‍ദനമേറ്റു വാങ്ങിയുമൊക്കെയാണ് അന്നു പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയതെന്ന് ആന്റണി അനുസ്മരിച്ചു.
എം.എം. ഹസനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഒരു വ്യക്തിയേക്കുറിച്ചല്ല മറിച്ച് ഒരു കാലഘട്ടത്തെക്കുറിച്ചാണെന്നും അതു യുവതലമുറയ്ക്ക് പ്രചോദനം പകരുമെന്നും കെപിസിസി മുൻ അധ്യക്ഷന്‍ കെ. മുരളീധരന്‍ പറഞ്ഞു. ഷാഫി പറമ്പില്‍ എംപി ഡോക്യുമെന്ററിയുടെ ടൈറ്റില്‍ ഏറ്റുവാങ്ങി. എ.കെ. ആന്റണി മുതല്‍ വൈഷ്ണ സുരേഷ് വരെയുള്ള തലമുറയുടെ മീറ്റിംഗ് പോയിന്റാണ് ഹസനെന്ന് ഷാഫി ചൂണ്ടിക്കാട്ടി.
എം.എം. ഹസന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, കെ. ശശിധരന്‍, മരിയാപുരം ശ്രീകുമാര്‍, കെ.എസ്. ശബരിനാഥന്‍, ആര്‍. ലക്ഷ്മി, രാഷ്ട്രീയകാര്യ സമിതിയംഗം ചെറിയാന്‍ ഫിലിപ്പ്, ഡി.സി.സി പ്രസിഡന്റ് ശക്തന്‍ നാടാര്‍, എം.ആര്‍. തമ്പാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മഖ്ബൂല്‍ റഹ്‌മാനാണ് ഡോക്യുമെന്ററിയുടെ സംവിധായകന്‍. പര്‍പ്പസ് ഫസ്റ്റിനുവേണ്ടി നിഷ എം.എച്ചാണ് നിര്‍മാണം. ഡോക്യുമെന്ററിയുടെ ഔദ്യോഗിക പ്രദര്‍ശനം ജനുവരി 31ന് കലാഭവന്‍ തിയറ്ററില്‍ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രകാശനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

