ശിരുവാണി എസ്റ്റേറ്റിൽനിന്ന് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു
text_fieldsഷോളയൂരിലെ ശിരുവാണി എസ്റ്റേറ്റിൽ നിന്നും പുറത്താക്കപ്പെട്ട തൊഴിലാളികളും കുടുംബങ്ങളും വഴിയോരത്ത് തമ്പടിച്ചിരിക്കുന്നു
അഗളി: ഷോളയൂർ ഏലമലയിലെ ശിരുവാണി ഗ്രൂപ് എസ്റ്റേറ്റിൽ നിന്ന് അന്തർസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ ഒഴിവാക്കി. ജാർഖണ്ഡ് സ്വദേശികളായ 126 പേരെയാണ് മാനേജ്മെന്റ് മുന്നറിയിപ്പില്ലാതെ പുറത്താക്കിയത്. കൈക്കുഞ്ഞുങ്ങളും വൃദ്ധരും അടങ്ങുന്ന തൊഴിലാളി കുടുംബങ്ങൾ ഇതോടെ തിരികെ പോകുവാനാകാതെ പെരുവഴിയിലായി. സന്ധ്യ മയങ്ങിയാൽ കാട്ടാനകൾ സ്വൈര്യവിഹാരം നടത്തുന്ന പ്രദേശത്തേക്കാണ് ഇവരെ ഇറക്കിവിട്ടത്.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഉച്ചഭക്ഷണശേഷം ജോലിയിൽ പ്രവേശിക്കാൻ വൈകിയതിന് നാല് തൊഴിലാളികളെ കമ്പനിയിൽ പുതുതായി നിയമിതനായ മാനേജർ പിരിച്ചുവിട്ടിരുന്നു. ഇതിൽ പ്രതിഷേധവുമായി ഒത്തുകൂടിയവരെ കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നെന്നാണ് ആരോപണം.
ആറു മുതൽ 10 വർഷം വരെ ജോലി ചെയ്തവരെ ഒരു തൊഴിൽ ആനൂകൂല്യങ്ങളും നൽകാതെയാണ് ഒഴിവാക്കിയത്. ദിവസം 415 രൂപയാണ് കമ്പനി കൂലിനൽകി വരുന്നത്. ഉച്ചക്ക് ഒരു മണിക്കൂർ ഒഴിവ് അരമണിക്കൂറായി ചുരുക്കുകയും എട്ട് മണിക്കൂറിലധികം സമയം ജോലി ദീർഘിപ്പിച്ച് എട്ട് മണിക്കൂർ ആക്കിയതായും തൊഴിലാളികൾ പറയുന്നു.
തൊഴിൽ വകുപ്പും ട്രേഡ് യൂനിയനുകളും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ ഒരു തൊഴിലാളിയേയും പുറത്താക്കിയിട്ടില്ലന്ന് എസ്റ്റേറ്റ് മാനേജ്മെന്റ് വ്യക്തമാക്കി. മൂന്നുദിവസം മുമ്പ് ജോലിക്ക് വൈകി എത്തിയ അഞ്ചുപേരെ ശാസിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജർഖണ്ഡിൽനിന്നും എത്തിയ തൊഴിലാളികൾ പിറ്റേന്ന് ജോലിക്ക് ഹാജരാകാതിരുന്നത്. തങ്ങൾക്ക് ജാർഖണ്ഡിലേക്ക് തിരികെ പോകണമെന്നും ശമ്പള കുടിശ്ശിക നൽകണമെന്നും തൊഴിലാളികൾ തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കുടിശ്ശിക തീർത്തു നൽകിയിട്ടുണ്ടന്നും മാനേജ്മെന്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

