‘തുരപ്പൻ പണി നടത്തുന്ന ആരെയും ഈ കസേരയിൽ ഇരുത്തില്ല, ചില കാര്യങ്ങളിൽ ക്വിക് ആയിട്ടുള്ള തീരുമാനം എടുക്കണം. ഞാൻ ആ ശൈലിക്കാരനാണ്’ -ഡോ. റീനക്കെതിരെ മന്ത്രി മുരളീധരൻ
text_fieldsതിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഭരണപരമായ കാര്യങ്ങളിൽ ചിലപ്പോൾ ചില തീരുമാനങ്ങൾ ഉണ്ടാകുമെന്നും ട്രൈബ്യൂണലിന് മേലെയും സ്ഥാപനങ്ങളൊക്കെ ഉണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തിരുവനന്തപുരം ബെഞ്ചാണ് സ്ഥലംമാറ്റം സ്റ്റേ ചെയ്തത്.
‘സെഷൻസ് കോടതി ഒരാളെ തൂക്കികൊല്ലാൻ വിധിച്ചാൽ പിറ്റേന്ന് തൂക്കികൊല്ലുമോ?. അതിന്റെ മേലെ ഹൈകോടതി ഉണ്ട്, സുപ്രീം കോടതി ഉണ്ട്. സർക്കാറിനെ അനുസരിക്കാത്ത ഉദ്യോഗസ്ഥന്മാർ കെ. മുരളീധരൻ ഈ കസേരയിൽ ഇരിക്കുമ്പോൾ ആ സ്ഥാനത്ത് ഉണ്ടാവില്ല. ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് മാറ്റിയപ്പോൾ പിണറായി രാജി വച്ചോ? ഇല്ലല്ലോ. സർക്കാറിന് ഒരു തിരിച്ചടിയുമില്ല. അതിന് മേലെ കോടതിയുണ്ട്. ചില കാര്യങ്ങളിൽ ക്വിക് ആയിട്ടുള്ള തീരുമാനം എടുക്കണം. ഞാൻ ആ ശൈലിക്കാരനാണ്. അങ്ങനെയുള്ള തീരുമാനം ഇനിയും ഉണ്ടാകും. ഈ കസേരയിൽ ഉള്ളിടത്തോളം കാലം ക്വിക് ആയിട്ടുള്ള തീരുമാനം എടുക്കേണ്ട സമയത്ത് എടുത്തിരിക്കും. തുരപ്പൻ പണി നടത്തുന്ന ആരെയും ഈ കസേരയിൽ ഇരുത്തില്ല. ബാക്കിയുള്ളതൊക്കെ മേൽകോടതിയിൽ പറഞ്ഞോളാം’ -അദ്ദേഹം പറഞ്ഞു.
പി.എം ശ്രീയിൽ ഇടതുസർക്കാർ തലയിൽ മുണ്ടിട്ട് പോയാണ് ഒപ്പിട്ടതെന്നും ഒപ്പിട്ട സ്ഥിതിക്ക് പിന്മാറാൻ നിവൃത്തിയില്ലെന്നും മന്ത്രി പറഞ്ഞു. ‘പി.എം ശ്രീയിൽ ആരാ ഒപ്പിട്ടത്? ഞങ്ങളാണോ? ഒപ്പിട്ട് ആദ്യത്തെ ക്വാട്ടയും അവർ വാങ്ങി. തലയിൽ മുണ്ടിട്ടല്ലേ പോയിട്ട് ഒപ്പിട്ടത്. ഒപ്പിട്ടോ എന്ന് കാബിനറ്റ് യോഗത്തിൽ മന്ത്രി രാജൻ ചോദിക്കുകയാണ്. നമുക്ക് പിന്നെ ആലോചിക്കാം എന്നായിരുന്നു മറുപടി. ഞങ്ങൾ അങ്ങനെയല്ല. കൂട്ടായി തീരുമാനം എടുത്താണ് ഞങ്ങൾ നടപ്പാക്കുക. ഒപ്പിട്ട സ്ഥിതിക്ക് പിന്മാറാൻ നിവൃത്തിയില്ല. പക്ഷേ, സിലബസ് നിർണയത്തിലൊക്കെ ശക്തമായ തീരുമാനം കേരള ഗവൺമെന്റിന് ഉണ്ട്. പഠിപ്പിക്കേണ്ട എന്ന് കേന്ദ്രം പറഞ്ഞാൽ പഠിപ്പിക്കേണ്ട വിഷയമാണെങ്കിൽ പഠിപ്പിക്കും. അതിൽ മുഗൾ സാമ്രാജ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിപ്പിക്കും’ -അദ്ദേഹം പറഞ്ഞു.
‘ഒപ്പിട്ട ഒരു വിഷയത്തിൽ പുറകോട്ട് പോകാൻ ഞങ്ങൾക്ക് കഴിയില്ല. ഇത് കാബിനറ്റ് തീരുമാനമാണ്. ഞാൻ കാബിനറ്റിലെ അംഗമാണ്, എടുക്കുന്ന തീരുമാനങ്ങളിൽ എനിക്കും ഉത്തരവാദിത്തമുണ്ട്. മുന്നണി മാത്രമല്ല, ഗവൺമെന്റ് ഒരു തീരുമാനം എടുത്താൽ ആ ഗവൺമെന്റ് തീരുമാനത്തിൽ നിന്നും മന്ത്രിമാർക്ക് പുറകോട്ടുപോകാൻ സാധ്യമല്ല. ഞങ്ങൾ ആലോചിച്ച് മണിക്കൂറുകൾ ചർച്ച ചെയ്തെടുത്ത തീരുമാനമാണ്. ഒപ്പിട്ട സ്ഥിതിക്ക് ഇനി മുന്നോട്ടു പോകാതെ നിവൃത്തിയില്ല. എല്ലാ കാര്യങ്ങളിലും സുതാര്യമായിട്ടുള്ള സമീപനം ഞങ്ങൾക്കുണ്ട്. പഠിപ്പിക്കേണ്ട വിഷയം തീരുമാനിക്കുന്നത് ഞങ്ങളാണ്. ഏത് വിദ്യാലയം തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങളാണ്’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

