സ്ത്രീ സുരക്ഷാ പെൻഷൻ: പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിക്കും പി.കെ. ശ്രീമതി
text_fieldsതിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി യു.ഡി.എഫ് സർക്കാർ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുമെന്ന് പി.കെ. ശ്രീമതി. സംസ്ഥാനത്തെ സ്ത്രീകൾക്ക് അനുഗ്രഹമായ പദ്ധതിയാണ് സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി. 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് ആശ്വാസം പകരുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണ് യു.ഡി.എഫ് സർക്കാർ നടത്തുന്നതെന്നും അവർ പറഞ്ഞു.
സ്ത്രീകളോട് യു.ഡി.എഫ് സർക്കാർ ചെയ്യുന്ന ചതിയാണെന്നും പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷാ പെൻഷൻ നൽകാൻ മുൻ സർക്കാർ തുക മാറ്റി വെച്ചതാണെന്നും എന്നാലിത് മുടങ്ങിയെന്നും അവർ പറഞ്ഞു. ഈ പെൻഷൻ കൊടുക്കാത്ത നടപടി ശരിയല്ല. ഈ ഫണ്ട് എടുത്ത് കെ.എസ്.ആർ.ടി.സിക്ക് നൽകാനാണോ സർക്കാരിന്റെ തീരുമാനം? ഒരു വരുമാനവും ഇല്ലാത്ത സാധാരണക്കാരായ സ്ത്രീകൾക്ക് വേണ്ടിയാണ് പദ്ധതിയെന്നും അവർ പറഞ്ഞു.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയെ മാറ്റിയതിലും പി.കെ. ശ്രീമതി പ്രതികരിച്ചു. നോട്ടീസ് അയക്കാതെ ആരെയും മാറ്റാൻ പറ്റില്ലെന്ന് പറഞ്ഞ അവർ ഒരു മണിക്കൂർ കൊണ്ടാണ് ഉത്തരവ് ഇറങ്ങിയതെന്നും ചൂണ്ടിക്കാട്ടി. ഇത് നിയമവിരുദ്ധമാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത് കൺസൾട്ടന്റ് എന്ന പോസ്റ്റിലാണ്. അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഒരു ഡോക്ടറെ സ്പെഷ്യാലിറ്റി കേഡറിലേക്ക് അവരുടെ സമ്മതമില്ലാതെ മാറ്റാൻ കഴിയില്ല. വളരെയധികം സാങ്കേതിക തകരാറുകൾ ഇവിടെയുണ്ട്. ഡോക്ടർ റീനയുടെ പേരിൽ പിഴവ് ഉണ്ടെങ്കിൽ അവർക്ക് നോട്ടീസ് നൽകുകയാണ് വേണ്ടതെന്നും പി.കെ. ശ്രീമതി വ്യക്തമാക്കി.
സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുരങ്കം വെക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏപ്രിൽ, മേയ് മാസങ്ങളിലെ സ്ത്രീസുരക്ഷാ പെൻഷൻ മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനവകുപ്പ് ഫയലിൽ തീരുമാനമാക്കാതെ പിടിച്ചുവച്ചിരിക്കുന്ന നിലയിലാണ്. നിലവിൽ 16 ലക്ഷത്തിലധികം വീട്ടമ്മമാർക്ക് ആശ്വാസമായ പെൻഷനാണ് യു.ഡി.എഫ് സർക്കാരിന്റെ നയപരമായ തീരുമാനം മൂലം മുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീപക്ഷ സർക്കാരെന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിന്റെ അഭിമാനപദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വീട്ടകങ്ങളിൽ തളക്കപ്പെട്ട സ്ത്രീകൾ നിർവഹിക്കുന്ന ഗൃഹജോലിയുടെ മൂല്യം അംഗീകരിക്കാനാണ് സ്ത്രീസുരക്ഷാ പദ്ധതിയിലൂടെ എൽ.ഡി.എഫ് സർക്കാർ തയാറായത്. 3720 കോടിയാണ് എൽ.ഡി.എഫ് സർക്കാർ അവസാനത്തെ ബജറ്റിൽ ഇതിനായി നീക്കിവെച്ചത്. യു.ഡി.എഫ് സർക്കാർ നിലപാട് തിരുത്താൻ തയാറാകണമെന്നും പിണറായി വിജയൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയൻ പ്രതികരണം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

