സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുത്ത് -മുഖ്യമന്ത്രി
text_fieldsമലയിൻകീഴ് (തിരുവനന്തപുരം): സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കുന്നതാണ് വികസിത സമൂഹത്തിന്റെ അടയാളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടന്ന ‘സ്ത്രീസുരക്ഷ പദ്ധതി’യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സുരക്ഷ പദ്ധതികളിൽ ഉൾപ്പെടാത്ത 35 മുതൽ 60 വയസ് വരെയുള്ള ദരിദ്ര സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനുമാണ് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി ആരംഭിച്ചത്. 10 ലക്ഷത്തിലധികം സ്ത്രീകൾക്കും ട്രാൻസ് വുമണിനും ആനുകൂല്യം ലഭിക്കും. ഒന്നാം ഘട്ടത്തിൽ 10,18,390 പേർക്കാണ് ആനുകൂല്യം ലഭ്യമാക്കുക.
സ്ത്രീകളുടെ മാന്യമായ ജീവിതാവകാശം ഉറപ്പാക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നയം തുടരുന്നതായും ‘സ്ത്രീസുരക്ഷ പദ്ധതി’ അതിന്റെ പുതിയ അധ്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറ്റം ചെയ്ത രേഖ ഗുണഭോക്താക്കൾക്കും കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് 105 കോടി അനുവദിച്ച ഉത്തരവ് ധനവകുപ്പ് എക്സ്പെൻഡിച്ചർ സെക്രട്ടറി വീണ എൻ. മാധവനും മുഖ്യമന്ത്രി കൈമാറി.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ഐ.ബി. സതീഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

