സ്ത്രീ സുരക്ഷാ പെൻഷൻ സ്ത്രീകളെ പറ്റിക്കാനുള്ള പദ്ധതിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കേരളത്തിലെ സ്ത്രീകളെ പറ്റിക്കാൻ ധിറുതിപിടിച്ച് നടത്തിയ തട്ടിക്കൂട്ട് പദ്ധതിയാണ് ഇടതുസർക്കാർ നടപ്പാക്കിയ സ്ത്രീസുരക്ഷ പെൻഷനെന്ന് മുഖ്യമന്ത്രി. ഗുണഭോക്തൃ പട്ടിക കൃത്യമായി പരിശോധിച്ച ശേഷമേ പെൻഷൻ നൽകാനാകൂവെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. സ്ത്രീസുരക്ഷ പെൻഷൻ മുടങ്ങിയ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തിന് നിയമസഭയിൽ മറുപടി പറയുമ്പോഴാണ് പരാമർശം. കൃത്യമായി നടപടികൾ പാലിക്കാതെയും പരിശോധന നടത്താതെയുമാണ് പദ്ധതി നടപ്പാക്കിയത്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരി 11നായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന മാർച്ച് 16നാണ് ഫെബ്രുവരിയിലെയും മാർച്ചിലെയും ധനസഹായം അനുവദിച്ചത്. പത്തുവർഷം അധികാരത്തിലിരുന്ന സർക്കാർ അവസാന നിമിഷമാണ് പദ്ധതി നടപ്പാക്കിയത്.
പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നെങ്കിൽ തുടക്കത്തിലല്ലേ പ്രഖ്യാപിക്കേണ്ടത്. 31 ലക്ഷം പേരാണ് ഗുണഭോക്താക്കളായി ആദ്യം പറഞ്ഞതെങ്കിൽ പിന്നീട് 16 ലക്ഷം പേരായി ചുരുങ്ങി. ഒരു തയാറെടുപ്പും കൃത്യമായ പഠനവുമില്ലെന്നതിന് ഇത് അടിവരയിടുന്നു. ഗുണഭോക്താക്കളെ നിശ്ചയിച്ച രീതിയെകുറിച്ചും പരാതിയുണ്ട്. പഠനം നടത്താൻ ഒരു കമ്മിറ്റിയെയും വെച്ചിട്ടില്ല. ലോക്കൽ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും കൂടി കൊടുത്ത പട്ടികയാണ് അവലംബമാക്കിയത്. ഇവർ വേറെ പെൻഷൻ വാങ്ങുന്നുണ്ടോ എന്നതും പരിശോധിച്ചിട്ടില്ല. അതേക്കുറിച്ചെല്ലാം കൃത്യമായ പരിശോധന നടത്താതെ പദ്ധതി തുടരണമോ എന്ന് പറയാനാവില്ല. മാത്രമല്ല, ഇക്കാര്യങ്ങൾ പരിശോധിക്കാതെ പെൻഷൻ കൊടുക്കുന്ന പ്രശ്നമില്ല.
അതേസമയം, മുൻ സർക്കാർ കൊണ്ടുവന്ന പരിപാടിയാണ് എന്നതുകൊണ്ട് പദ്ധതി വേണ്ടെന്ന് വെച്ചിട്ടില്ല. ബജറ്റിൽ ഇക്കുറിയും പണം നീക്കിവെച്ചിട്ടുണ്ട്. പക്ഷേ എങ്ങനെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് എന്നത് കൃത്യമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

