കരുത്തോടെ, കരുതലോടെ
text_fieldsആഘോഷങ്ങൾക്ക് അപ്പുറത്തെ സ്ത്രീജന്മങ്ങൾ
സമൂഹത്തിൽ സ്ത്രീ പിൻനിരയിലല്ലെന്ന് ഒാരോ വനിതദിനവും നമ്മെ ഒാർമിപ്പിക്കുന്നു. ഒാരോ പടവുകൾ കീഴടക്കുേമ്പാഴും നേട്ടങ്ങൾ കൈവരിക്കുേമ്പാഴും സ്ത്രീ അസ്വസ്ഥയാണ്. കുടുംബവും ജോലിയും ഒന്നിച്ചുകൊണ്ടുപോകാനുള്ള രസതന്ത്രം പലപ്പോഴും അവർക്ക് നഷ്ടമാകുന്നു. പ്രാദേശിക അതിരുകൾക്കപ്പുറം ലോകം മുഴുവനുള്ള വനിതകൾക്കായി ഒരുദിനം വീണ്ടുമെത്തുേമ്പാൾ പെൺചിന്തയിലൂടെ ഒരു സഞ്ചാരം.
ഒരുദിനം തുടങ്ങുന്നത് പുലർച്ച നാലിന്
മലപ്പുറം: കോട്ടക്കുന്നിനെ അതിെൻറ മനോഹാരിതയിൽ നിലനിർത്തുന്നത് പാർക്കിലെ ശുചീകരണ തൊഴിലാളികളാണ്. ഇവരിൽ പലരുടെയും ഒരുദിനം തുടങ്ങുന്നത് പുലർച്ച നാലിനാണ്. തണുപ്പെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ വെളുപ്പിന് എഴുന്നേറ്റ് വീട്ടുജോലികൾ തീർത്താണ് രാവിലെ ഏഴരയാകുേമ്പാഴേക്കും കോട്ടക്കുന്നിലെത്തുന്നത്. ജീവിതത്തിൽ ജോലിക്കും കുടുംബത്തിനുമിടയിൽ വലിയ ദൂരമാണ് ഇവർ ഒാടിത്തീർക്കുന്നത്. രാവിലെ ജോലിസ്ഥലത്തേക്കും വൈകീട്ട് തിരിച്ചും പോകുേമ്പാൾ നടക്കാൻ തങ്ങൾ മറന്നുപോകുന്നുവെന്ന് എല്ലാവരും ഒരേശബ്ദത്തിൽ പറയുന്നു.
‘നടന്നുവരാൻ ഒട്ടും സുരക്ഷിതമല്ലാത്ത വഴിയിലൂടെ ഭയന്നുകൊണ്ടാണ് പുലർച്ച സഞ്ചാരം. വല്ലതും പറ്റിയാൽതന്നെ അലറിവിളിച്ചാൽപോലും ആളുകൾ അറിയില്ലെന്ന് മാത്രമല്ല ആരും എഴുന്നേറ്റിട്ട് പോലുമുണ്ടാകില്ല’ പെരിങ്ങോട്ടുപുലം സ്വദേശി ബിന്ദു പറയുന്നു. കടിച്ചുകീറാനെത്തുന്ന തെരുവുനായ്ക്കളെ പറ്റിയാണ് പടപ്പറമ്പ് വറ്റലൂർ സ്വദേശി വത്സലക്ക് പറയാനുള്ളത്. എല്ലാം സഹിച്ച് േജാലിക്കെത്തുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ കൂട്ടായുണ്ട്. പലർക്കും പൊടിയും മണ്ണും അലർജിയാണ്. ‘പൊടിയടിച്ച് ശ്വാസംമുട്ടലുണ്ടായി കുറേദിവസം ആശുപത്രിയിൽ കിടന്നു. ജീവിതമാർഗം ആയതിനാലാൽ ജോലി തുടരുകയാണ്’. നീണ്ട ചുമയോടെയാണ് യശോദ പറഞ്ഞുനിർത്തിയത്. റാബിയക്കും കൗലത്തിനുമെല്ലാം ഇതേ അനുഭവങ്ങൾ തെന്നയാണ്.
ശമ്പളം കമ്മി, സമ്മർദം ഏറെ
മലപ്പുറം: ടിക്കറ്റ് മെഷീനും ബാഗുമായി പുലർച്ച മുതൽ രാത്രിവരെ തിരക്കിനിടയിൽ വലിഞ്ഞാലും മാസാവസാനം ശമ്പളം വൈകും. സർക്കാർ ജോലിയെന്ന മോഹവുമായെത്തി കെ.എസ്.ആർ.ടി.സിയിൽ കുടുങ്ങിയ അമർഷമാണ് വനിത കണ്ടക്ടർമാർക്ക് പങ്കുവെക്കാനുള്ളത്. ട്രിപ് തുടങ്ങാനായി പുലർച്ച വീട്ടിൽനിന്നിറങ്ങണം. തിരിച്ചെത്തണമെങ്കിലും ഇരുട്ടണം.
ഉൗടുവഴികളും വിജനമായ റോഡും കടന്നുവേണം ഡിപ്പോയിലെത്താൻ. തെരുവുനായ്ക്കളുടെ ശല്യം വേറെയും. മറ്റ് വകുപ്പുകളിലെ ജോലി പോലെ അൽപനേരം പോലും വിശ്രമമില്ലാത്ത പണിയാണ് കണ്ടക്ടർമാർക്ക്. ഗതാഗതക്കുരുക്കിലോ മറ്റോ കുടുങ്ങിയാൽ ഭക്ഷണം കഴിക്കാനും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനും പലപ്പോഴും സമയം കിട്ടില്ല. കുട്ടികളുടെ പഠനത്തിൽ സഹായിക്കാനോ ആഘോഷങ്ങളിൽ കുടുംബത്തോടൊപ്പം ചേരാനോ കഴിയാറില്ല. രാത്രി വീടണയുേമ്പാേഴക്കും മക്കൾ ഉറങ്ങിക്കാണും. രാത്രി ചില്ലറ ചോദിച്ച് യാത്രക്കാരുമായുള്ള തർക്കവും സ്വകാര്യബസ് ജീവനക്കാരുമായുള്ള ഏറ്റുമുട്ടലും ജോലി മടുപ്പിച്ചെന്നാണ് മിക്കവരും പറയുന്നത്. തോണ്ടലുകളും കമൻറുകളും വേറെയും.
ഇവർക്കും പറയാനുണ്ട് സങ്കടങ്ങൾ
മലപ്പുറം: തുണിക്കടകളടക്കം സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീതൊഴിലാളികൾക്കും പറയാനുണ്ട് സങ്കടങ്ങളേറെ. തുണിക്കടയിൽ തിരക്കില്ലാത്തപ്പോൾ പോലും ഇവരെ ഇരിക്കാൻ സമ്മതിക്കാറില്ല. സമരങ്ങളും പ്രതിഷേധങ്ങളും ഏറെയുണ്ടായെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല. വെളുപ്പിന് നാലിനും അഞ്ചിനുമൊക്കെ എഴുന്നേറ്റ് വീട്ടുജോലികൾ തീർത്താണ് മിക്കവരും രാവിലെ ജോലിക്കെത്തുന്നത്. ബസിലും ട്രെയിനിലുമുള്ള പീഡനങ്ങൾ വേറെയും. കൃത്യമായ ഉറക്കില്ലാത്തതിനാൽ ജീവിതൈശലി രോഗങ്ങൾക്ക് അടിമപ്പെടുന്നവരും ഏറെയാണ്. രക്തസമ്മർദവും തൈറോയ്ഡും പ്രമേഹവും അലട്ടുന്നവർ നിരവധിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.