ഉരുക്കിൻ കരുത്തിലൊരു പെൺജീവിതം
text_fieldsശക്തി ഇൻഡസ്ട്രീസിൽ കൈയിലുള്ള വലിയ ചുറ്റികകൊണ്ട് മുന്നിലിരിക്കുന്ന ഇരുമ്പുകട്ട അടിച്ചു പതംവരുത്തുമ്പോൾ ഉയർന്നുതെറിക്കുന്ന തീപ്പൊരികൾ ബാലാമണിയുടെ ജീവിതത്തിനുകൂടിയാണ് പ്രകാശം പരത്തുന്നത്. അതുകൊണ്ടാണ് 32 കൊല്ലമായിട്ടും ‘ഓ, ഒരു പെണ്ണിനെങ്ങനെയാണ് ഈ പണിയൊക്കെ ചെയ്യാൻ പറ്റുക’ എന്ന് ചിലർ മൂക്കത്തു വിരൽ വെക്കുമ്പോഴും ബാലാമണിചേച്ചി ചിരിക്കുന്നത്. അപ്പോഴാ ചിരിയിൽ ചിതറിത്തെറിക്കുന്ന അഗ്നിസ്ഫുലിംഗങ്ങൾ മാത്രമല്ല, ആത്മവിശ്വാസത്തിെൻറ കരുത്തുമുണ്ട്.
അതെ, നരിക്കുനി ടൗണിൽ നന്മണ്ട റോഡിലെ ശക്തി ഇൻഡസ്ട്രീസിൽ എരവന്നൂർ പാവുപൊയിൽ പരേതനായ വേലുക്കുട്ടിയുടെ മകൾ ബാലാമണി ജോലിചെയ്യാൻ തുടങ്ങിയിട്ട് 32 വർഷമായി. കൃത്യമായി പറഞ്ഞാൽ 1985ൽ. ആശാരിപ്പണിക്കാരനായ വേലുക്കുട്ടി തെൻറ ഏഴുമക്കളെ പോറ്റാൻ പാടുപെടുന്നതു കണ്ടാണ് കുഞ്ഞുബാലാമണി വളർന്നത്. വീട്ടിലെ സാഹചര്യം അഞ്ചാംക്ലാസിൽ പഠനം നിർത്താൻ േപ്രരിപ്പിച്ചു. പിന്നീട് ചേച്ചി പുഷ്പ പഠിപ്പിച്ചുകൊടുത്ത പ്ലാസ്റ്റിക് കസേര മെടയൽ ജോലി ചെയ്യാൻ ശക്തി ഇൻഡസ്ട്രീസിലെത്തുന്നു. ബന്ധുവായ നെല്യേരി കൃഷ്ണൻകുട്ടിയാണ് കട നടത്തുന്നത്.
20ാം വയസ്സിൽ കസേര മെടയലിൽ തുടങ്ങിയ ബാലാമണി കടയിലെ മറ്റു ജോലിക്കാർ ചെയ്യുന്ന വെൽഡിങ്ങും, കട്ടിങ്ങും, ൈഗ്രൻഡിങ്ങുമെല്ലാം കണ്ടുപഠിച്ചു, ആരുമില്ലാത്ത സമയത്ത് ചെയ്തും പഠിച്ചു. ആയിടക്ക് ജോലിക്കാരിലൊരാൾ ഗൾഫിലേക്ക് പോയതോടെ ബാലാമണിക്കും ജോലിയിൽ പങ്കാളിയാവേണ്ടി വന്നു. നന്നായി ചെയ്യുന്നുണ്ടെന്ന് കൂടെയുള്ളവർ പറഞ്ഞപ്പോൾ ആത്മവിശ്വാസമേറി.
മൂന്നു പതിറ്റാണ്ടിനിടക്ക് തെൻറ ജോലിയിൽ ഏറെ വൈദഗ്ധ്യം നേടിയിട്ടുണ്ട് ഇൻഡസ്ട്രിയൽ ചേച്ചി എന്ന് നാട്ടുകാർ വിളിക്കുന്ന ബാലാമണിച്ചേച്ചി. രോഗിയായ അമ്മ ലക്ഷ്മിക്കും രണ്ടാമത്തെ സഹോദരനുമൊപ്പമാണ് ബാലാമണി താമസിക്കുന്നത്. ചെറുപ്പത്തിൽ പിടിപെട്ട കടുത്ത ശ്വാസം മുട്ട് വിവാഹപ്രായമെത്തിയപ്പോൾ വർധിച്ചതുമൂലം കല്യാണാലോചനകളൊന്നും ശരിയായില്ല. പിന്നീടതേക്കുറിച്ച് ആലോചിക്കാനും സമയമില്ലായിരുന്നു എന്ന് ഇവർ പറയുന്നു. ഇൻഡസ്ട്രീസ് തന്നെയാണ് അവരുടെ രണ്ടാംവീട്.
നീണ്ട ജോലി കാലയളവിനുള്ളിൽ കാര്യമായി സമ്പാദിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ 55 കാരിക്ക് പരിഭവമൊന്നുമില്ല. ‘എെൻറ കാര്യങ്ങളെല്ലാം കഴിഞ്ഞുപോവുന്നുണ്ട്, അമ്മയുടെ ചികിത്സയും മുറക്ക് നടക്കുന്നു’– അവർ പറഞ്ഞു. ഒരു പെണ്ണെങ്ങനെയാ ഈ പണിയെടുക്കുക എന്ന് ആദ്യം അദ്ഭുതപ്പെട്ടവരെല്ലാം ഇന്ന് പിന്തുണയോടെ കൂടെയുണ്ട്. ഇപ്പോഴും പരിചയമില്ലാത്തവർ വരുമ്പോൾ ആദ്യമൊന്ന് അമ്പരന്നുനിൽക്കും. എന്തുതന്നെയായാലും തെൻറ ജോലി വൃത്തിയായും എളുപ്പത്തിലും തീർക്കുകയാണ് പ്രധാനമെന്ന് സംതൃപ്തിയുടെ പുഞ്ചിരിയോടെ ബാലാമണി പറയുന്നു.