തിരുവനന്തപുരം: രജതജൂബിലി വർഷത്തിൽ സ്ത്രീസുരക്ഷാ ബോധവത്കരണ പ്രവർത്തനത്തിനായി പുസ്തകങ്ങളും ബ്രോഷറുകളുമായി വനിതാ കമീഷൻ. കേരള വിമൻസ് ഡയറക്ടറിയാണ് ഇതിൽ പ്രധാനം. പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ജനപ്രതിനിധികൾ, നിയമം, പൊലീസ്, വിവിധ കമീഷനുകൾ, ഹോസ്റ്റലുകൾ, ഗാർഹിക ഹിംസക്കെതിരായ നിയമത്തിെൻറ അടിസ്ഥാനത്തിൽ ബന്ധപ്പെടാനുള്ള സ്ത്രീ സുരക്ഷാ ഓഫിസർമാർ, ഓൾഡ് ഏജ്ഹോമുകൾ, ഐ.സി.ഡി.എസ് ഓഫിസുകൾ, പൊലീസ് സ്റ്റേഷനുകൾ, സൈബർ, ജനമൈത്രി, എെൻറ കൂട് തുടങ്ങിയ സ്ഥാപനങ്ങളുടെ ഫോൺ നമ്പറുകളും ഇ-മെയിലുകളും അടങ്ങിയതാണ് ഡയറക്ടറി. ഇന്ത്യയിൽ ആദ്യമായാണ് ഒരു വനിതാ കമീഷൻ സ്ത്രീകൾക്ക് ഡയറക്ടറി പ്രസിദ്ധീകരിക്കുന്നത്.
സ്ത്രീ സുരക്ഷ നിയമങ്ങളുടെ സംഗ്രഹം ക്രോഡീകരിച്ച സ്ത്രീസംരക്ഷണ നിയമങ്ങളാണ് മറ്റൊരു പുസ്തകം. ഗാർഹിക ഹിംസക്കെതിരായ നിയമം, സ്ത്രീധന നിരോധന നിയമം, പോക്സോ തുടങ്ങിയ നിയമങ്ങളിലെ പുതിയ മാറ്റങ്ങളും മേരി റോയ് കേസ്, വിശാഖാകേസ് എന്നിവയുടെ വിധിന്യായങ്ങളും ഇതിലുണ്ട്. വിമൻ പ്രൊട്ടക്ഷൻ ഓഫിസർമാരുടെ വിലാസവും ഫോൺ നമ്പറും ഉണ്ട്. പ്രസിദ്ധീകരണങ്ങളെല്ലാം സൗജന്യമാണ്.
കമീഷെൻറ മലബാർ മേഖല ഒാഫിസ് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ല പഞ്ചായത്ത് ഒാഫിസ് സമുച്ചയത്തിലെ താഴത്തെനിലയിലാണ്. ഫോൺ: 0495 2377590. ഇ-മെയിൽ: kwckkd@gmail.com.