രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാന്‍റിനും പ്രിയങ്കാ ഗാന്ധിക്കും പരാതി നൽകി വനിതാ യൂത്ത് കോൺഗ്രസ് നേതാവ്
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.
രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം. ദേശീയ തലത്തിലുള്ള വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം. ഇതേ ആവശ്യ തന്നെയാണ് പ്രിയങ്കാ ഗാന്ധിക്ക് നൽകിയ പരാതിയിലും ഉള്ളത്. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്ക് പരാതി ലഭിച്ചിരുന്നുവെന്നാണ് വിവരം. അതിനിടെയാണ് വനിതകളെ ഉള്‍പ്പെടുത്തി വിഷയം അന്വേഷിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ ആവശ്യപ്പെടുന്നത്.
മുൻ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവിൽ നിന്നുതന്നെ ഇത്തരത്തിലൊരു പരാതി ഉയരുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുലിനെ പിന്തുണക്കുന്നുണ്ടെങ്കിലും രമേശ് ചെന്നിത്തലക്കും കെ. മുരളീധരനും ഇതിനോട് താൽപര്യമില്ല. എന്നാല്‍ കെ. സുധാകരനെ തള്ളി കെ. മുരളീധരനും രമേശ് ചെന്നിത്തലയും രംഗത്തെത്തുകയും ചെയ്തു. രാഹുല്‍ സസ്‌പെന്‍ഷനിലാണെന്നും പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്നുമാണ് കെ. മുരളീധരന്‍ പറഞ്ഞത്.
അതേസമയം, കോൺഗ്രസ് നേതാക്കൾ പറയുന്ന കാര്യങ്ങൾ താൻ അനുസരിക്കുന്നുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ. സുധാകരൻ, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവരെല്ലാം തന്റെ നേതാക്കളാണ്. അവർ പറയുന്നത് അനുസരിക്കുന്നുണ്ട്. സസ്പെൻഷനിലുള്ള ആൾ പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത് എന്നാണ് നേതാക്കൾ പറഞ്ഞത്. താൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്നും രാഹുൽ വ്യക്തമാക്കി.
നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിക്കാൻ കഷ്ടപ്പെട്ടവർക്കായാണ് വോട്ട് തേടി വീടു കയറുന്നത്. അവരുടെ ആവശ്യം നിറവേറ്റേണ്ട ബാധ്യത രാഷ്ട്രീയമായി ഉണ്ട്. പദവിക്കുവേണ്ടി വീടു കയറി തുടങ്ങിയ ആളല്ല. വോട്ടില്ലാത്ത കാലത്ത് പാർട്ടിയുടെ പ്രചാരണത്തിനായി വീടു കയറിയ ആളാണ്.
ആ ശീലം രണ്ടു കാലും കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം തുടരും. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും അത് തുടരും. സസ്പെൻഷൻ കാലത്ത് പാലിക്കേണ്ട അച്ചടക്കം പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം നടപടിയെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ യുവതിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോയെന്നാണ് ക്രൈംബ്രാഞ്ച് ഉറ്റുനോക്കുന്നത്.
രാഹുലിനെതിരായ മാധ്യമവാർത്തകളുടെയും ശബ്ദരേഖയുടെയും അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികളിലാണ് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം. പക്ഷേ, ആരും മൊഴി നൽകിയില്ല. ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായി പറയുന്ന ശബ്ദരേഖയിലെ യുവതിയെയും പൊലീസ് കണ്ടെത്തിയിരുന്നു.
ഒരു വനിത ഐ.പി.എസ് ഉദ്യോഗസ്ഥ യുവതിയിൽ നിന്ന് നേരിട്ട് മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ല. കൂടുതൽ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലും യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നു. പക്ഷേ പരാതിയുമായി യുവതി സമീപിച്ചാൽ മാത്രമേ നിയമപരമായി മുന്നോട്ടു പോകാൻ ക്രൈംബ്രാഞ്ചിന് കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

