ബംഗ്ലാദേശ് സ്വദേശിനിയെ നിരവധിപേർക്ക് കാഴ്ചവെച്ചു; കൊച്ചിയിൽ രണ്ട് വനിതകളുൾപ്പെടെ പെൺവാണിഭസംഘം പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: ബംഗ്ലാദേശ് സ്വദേശിനിയായ 22കാരിയെ നിരവധിപേർക്ക് കാഴ്ചവെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭസംഘം പിടിയിൽ. രണ്ട് വനിതകൾ ഉൾപ്പെടെ മൂന്നുപേരെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറ സ്വദേശി ജഗിത (40), ബംഗളൂരു കെ.ആർ പുരം സ്വദേശിനി സെറീന (34), എറണാകുളം വരാപ്പുഴ സ്വദേശി വിപിൻ (25) എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റിലെ കണ്ണികളാണ് ഇവർ.
ബംഗളൂരുവിൽനിന്ന് കൊച്ചിയിലെത്തിച്ച ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ ഇടപാടുകാർക്ക് സംഘം എത്തിച്ച് നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. വ്യാഴാഴ്ച രാവിലെ ലഭിച്ച ഫോൺ കാളാണ് കേസിലേക്ക് പൊലീസിനെ എത്തിച്ചത്. സഹോദരിയെ മലയാളി സ്ത്രീ തട്ടിക്കൊണ്ടുപോയെന്ന് സെറീനയാണ് 112 എന്ന നമ്പറിലേക്ക് വിളിച്ച് പരാതിപ്പെട്ടത്. ഉടൻ കൺട്രോൾ റൂമിൽനിന്ന് വിവരം എളമക്കര പൊലീസിന് കൈമാറി. ഇടപ്പള്ളിയിൽ താമസിക്കുന്ന ജഗിതയാണ് സഹോദരിയെ തട്ടിക്കൊണ്ടുപോയതെന്ന സെറീനയുടെ മൊഴിയിൽ അന്വേഷണം തുടങ്ങി.
വൈകീട്ട് സെറീനയെയും ജഗിതയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കാണാതായത് ബംഗ്ലാദേശ് സ്വദേശിനിയാണെന്നും കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റിലെ തർക്കമാണ് പരാതിക്ക് കാരണമെന്നും വ്യക്തമായത്. 22കാരിയെ നിശ്ചിതകാലത്തേക്ക് സെറീന ജഗിതക്ക് വിറ്റതാണെന്നും സഹോദരിയല്ലെന്നും തിരിച്ചറിഞ്ഞു. യുവതി തന്‍റെയൊപ്പം ഇല്ലെന്ന് ജഗിത അറിയിച്ചതോടെ ആശയക്കുഴപ്പമായി. വൈകാതെ, ലൈംഗിക ഇടപാടിനെത്തിയ വിപിനൊപ്പമാണ് യുവതിയുള്ളതെന്ന് കണ്ടെത്തി. വിവരം അറിയിച്ചതോടെ വിപിനും ബംഗ്ലാദേശ് സ്വദേശിനിയും സ്റ്റേഷനിൽ ഹാജരായി.
മാതാപിതാക്കള്‍ നഷ്ടമായ പെണ്‍കുട്ടിയെ 12 വയസ്സുള്ളപ്പോഴാണ് ബന്ധു ഇന്ത്യയിലെത്തിച്ചത്. പിന്നീട് പെൺവാണിഭ സംഘത്തിന്‍റെ പിടിയിലാകുകയായിരുന്നു. 10 ദിവസം മുമ്പാണ് യുവതിയെ കൊച്ചിയിൽ എത്തിച്ചതെന്നാണ് ജഗിതയുടെ മൊഴി. എന്നാൽ, ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെണ്‍കുട്ടി ഇപ്പോൾ പൊലീസ് സംരക്ഷണയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

