'നിരന്തരമായി മോശം സന്ദേശങ്ങൾ അയച്ചു; മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്.ഐമാർ
text_fieldsതിരുവനന്തപുരം: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകി വനിതാ എസ്.ഐമാർ. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്ന് ആരോപിച്ച് ഡി.ഐ.ജി അജിതാ ബീഗത്തിനാണ് വനിതാ എസ്.ഐമാർ പരാതി നൽകിയത്. തലസ്ഥാനത്തുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ ഉദ്യോഗസ്ഥൻ സന്ദേശമയച്ചുവെന്നാണ് പരാതി.
രണ്ട് വനിത എസ്.ഐമാരാണ് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് സുപ്രധാന ചുമതലയിലാണ് ഐ.പി.എസ് ഉദ്യോഗസ്ഥൻ ഇപ്പോൾ ജോലി ചെയ്യുന്നത്. ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥർ കൈമാറിയിട്ടിട്ടുണ്ട്. പരാതി പരിശോധിച്ചു പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. രണ്ട് പരാതിക്കാരും പരാതിയിൽ ഉറച്ചുനിൽക്കുകയും മൊഴി നൽകുകയും ചെയ്തു. പരാതി ഇവർക്ക് ലഭിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞെന്നാണ് വിവരം. അതീവ രഹസ്യമായാണ് പരാതിയിൽ അന്വേഷണം നടന്നത്.
ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോഷ് ആക്ട് പ്രകാരം അന്വേഷണം വേണമെന്ന ഡി.ഐ.ജി, ഡി.ജി.പിക്ക് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എസ്. പി മെറിൻ ജോസഫിനാണ് കേസിൽ അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വകുപ്പുതല നടപടികൾ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

