സ്ത്രീ സുരക്ഷ: നിയമ സംവിധാനങ്ങളിൽ മാറ്റം ആലോചിക്കുന്നതായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളുടെ വിചാരണക്കായി സംസ്ഥാനത്ത് പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇക്കാര്യം അഡ്വക്കറ്റ് ജനറൽ ഹൈകോടതി ചീഫ് ജസ്റ്റിസുമായി സംസാരിക്കുകയും തത്വത്തിൽ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരകൾക്ക് നീതി ലഭിക്കാൻ ആവശ്യമെങ്കിൽ നിലവിലെ നിയമവും ചട്ടവും ശക്തിപ്പെടുത്തും. സ്ത്രീധനത്തിനെതിരായ അവബോധം പുതുതലമുറയിൽ സൃഷ്ടിക്കാൻ പാഠപുസ്തകങ്ങളിൽ കൃത്യമായ ഭാഗം ഉൾപ്പെടുത്തും. സ്ത്രീകളുടെ പരാതിയിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീസുരക്ഷക്ക് കൂടുതൽ പദ്ധതികൾ കൊണ്ടുവരും. എല്ലാ ജില്ലകളിലും വനിത പൊലീസ് സ്റ്റേഷൻ സ്ഥാപിക്കും. സ്ത്രീധന പീഡനം മൂലം ഒരു മരണമോ ആത്മഹത്യയോ സംസ്ഥാനത്ത് ഉണ്ടാകാത്ത സാഹചര്യം സൃഷ്ടിക്കലാണ് സർക്കാർ ലക്ഷ്യം. സ്ത്രീധനത്തിെൻറ പേരിലെ പീഡനം, ആത്മഹത്യ, കൊലപാതകം എന്നിവ നാടിന് അപമാനമാണ്. സ്ത്രീശാക്തീകരണത്തിന് എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം നിയമസഭയിൽ എൻ.എ. നെല്ലിക്കുന്ന്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുൽ ഹമീദ് എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകി.
2011 മുതൽ 16 വരെ 100 സ്ത്രീധന പീഡന മരണങ്ങളും ആത്മഹത്യയും സംസ്ഥാനത്തുണ്ടായി. 2016-21ൽ 54ഉം. 2020-21 വർഷങ്ങളിൽ ആറ് വീതം ആത്മഹത്യകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

