മാനഭംഗം ചെറുത്തതിന് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം
text_fieldsകണ്ണൂർ: നിർത്തിയിട്ട തീവണ്ടി കംപാർട്ട്മെന്റിൽ തനിച്ചിരിക്കെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സ്ത്രീയെ ദേഹത്ത് പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.
മലപ്പുറം കടുങ്ങല്ലൂർ കീഴശ്ശേരി വിളയിൽ പോസ്റ്റ് ഓഫീസ് പരിധിയിൽ താമസിക്കുന്ന കരുവാക്കോടൻ വീട്ടിൽ ബീരാന്റെ ഭാര്യ പാത്തു എന്ന പാത്തൂട്ടി (48) കൊല്ലപ്പെട്ട കേസിൽ തമിഴ്നാട് തേനി ജില്ലയിലെ കാമാക്ഷി പുരക്കാരൻ പടിയന്റെ മകൻ സുരേഷ് കണ്ണനെയാണ് (30) തലശ്ശേരി ഒന്നാം അഡീഷണൽ ജില്ല സെഷൻസ് കോടതി ഇന്ന് ഉച്ചയോടെ ശിക്ഷിച്ചത്.
2014 ഒക്ടോബർ 20 ന് അതികാലത്ത് കണ്ണുർ റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ട കണ്ണൂർ - ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിലാണ് നാട് നടുക്കിയ ക്രൂര കൊലപാതകം നടന്നത്. പുലർച്ചെ നാല് മണിയോടെ കംപാർട്ട്മെൻറിനകത്ത് തീയാളുന്നതും അലർച്ചയും കണ്ടും കേട്ടുമെത്തിയവരാണ് ദേഹമാസകലം കത്തിപ്പിടയുന്ന സ്ത്രീരൂപത്തെ കാണാനിടയായത്.
രക്ഷപ്പെടാനുളള ഓട്ടത്തിനിടയിൽ വീണ് പോയ സ്ത്രിയെ ഓടിക്കൂടിയവർ ഉടനെ കണ്ണൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുൻപേ പാത്തൂട്ടി വെളിപ്പെടുത്തിയ വിവരങ്ങളെയും സൂചനകളെയും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
