‘ഇനി കുയി മാന്തി ചവം തിന്നാനാണോ വന്നത്?’; സി.പി.എം നേതാക്കൾക്കെതിരെ പ്രതിഷേധം
text_fieldsപെരിയ: ‘നിങ്ങൊ കൊന്നിട്ട കുഞ്ഞ്യോളെ കുയി മാന്തി ചവം തിന്നാനാണോടാ വന്നത്? ബാടാ ബാ, ബാക്കി ഞങ്ങൊ കൂടിയുണ്ട്. കൊല്ല്’ ഇരട്ടക്കൊലപാതകത്തിെൻറ ഞെട്ടലിൽ നിന്നും മോചനം നേടിയിട്ടില്ലാത്ത പെരിയ കല്യോട്ട് കോൺഗ്രസുകാർ തകർത്ത പാർട്ടി ഒാഫിസുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിക്കാനെത്തിയ പി. കരുണാകരൻ എം.പി ഉൾെപ്പടെയുള്ള സി.പി.എം നേതാക്കൾ സ്ത്രീകൾ അടക്കമുള്ള നാട്ടുകാരുടെ പ്രതിഷേധ ചൂടിൽ വെന്തുരുകി.
കനത്ത പൊലീസ് സുരക്ഷയിൽ രാവിലെ പത്തുമണിയോടെയാണ് സി.പി.എം സംഘം കല്യോട്ട് എത്തിയത്. നേതാക്കൾക്കുനേരെ അലമുറയിട്ട് പാഞ്ഞടുത്ത കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ചും ചെറിയ തോതിൽ ലാത്തിവീശിയുമാണ് പൊലീസ് അകറ്റിയത്. എം.എൽ.എമാരായ കെ. കുഞ്ഞിരാമൻ, എം. രാജഗോപാൽ, സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, കെ.പി. സതീഷ് ചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു, മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, അഡ്വ. കെ. രാജ്മോഹൻ, എം. പൊക്ലൻ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻറ് ശാരദ എസ്. നായർ, പി. കൃഷ്ണൻ, കെ.സബീഷ് എന്നിവരാണ് എം.പിക്കൊപ്പം സംഘത്തിലുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് പോകാൻ നേതാക്കളെ അനുവദിക്കില്ല എന്ന് പറഞ്ഞ് കല്യോട്ടുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ രോഷാകുലരായി.
തുടർന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി, കോൺഗ്രസ് പ്രവർത്തകരോട് സംസാരിച്ചു. കൊല്ലപ്പെട്ടവരുടെ വീടുകളിൽ സി.പി.എം നേതാക്കൾ പോകില്ലെന്ന് ഉറപ്പുനൽകി. അതോടെ, പ്രതിഷേധമുയർത്തിയവർ തണുത്തു. തുടർന്ന് സി.പി.എം സംഘം ഒന്നാം പ്രതി പീതാംബരെൻറ വീടും നഷ്ടം സംഭവിച്ച സി.പി.എമ്മുകാരുടെ വീടുകളും സന്ദർശിച്ച് അക്രമത്തിനിരയായ കടകൾ കാണാൻ കല്യോട്ട് എത്തിയപ്പോഴാണ് നാട്ടുകാർ വീണ്ടും രോഷാകുലരായത്്. ഏറ്റവും രൂക്ഷമായ പ്രതികരണം നേരിട്ടത് കെ.വി. കുഞ്ഞിരാമനാണ്. കൊല്ലപ്പെട്ടവരെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
