വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; സർക്കാരും ആരോഗ്യവകുപ്പും ഹർഷിനയോട് നീതി നിഷേധം തുടരുകയാണെന്ന് വിമൻ ജസ്റ്റിസ് മൂവ്മെൻറ്
text_fieldsകോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനക്ക് രണ്ടാംഘട്ട സമരം തുടരേണ്ടതായ സാഹചര്യം സൃഷ്ടിച്ച സർക്കാരും ആരോഗ്യവകുപ്പും ഹർഷിനയോട് നീതി നിഷേധം തുടരുകയാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന വൈസ്പ്രസിഡൻറ് സുബൈദ കക്കോടി പറഞ്ഞു.
സർക്കാർ വാക്കുപാലിക്കാത്തത് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. കാരണക്കാർക്കെതിരെ നടപടിയെടുക്കുകയും ന്യായമായ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യണം. ആരോഗ്യ വകുപ്പിൻെറ അനാസ്ഥ മൂലം ഗതികേടിലായ പാവപ്പെട്ട ഒരു യുവതിയോട് നീതിനിഷേധം തുടരുന്നതും സമരത്തെ അവഗണിക്കുന്നതും ഏത് ധാർമികതയുടെ പേരിലാണെന്ന് ആരോഗ്യ വകുപ്പും സർക്കാരും വ്യക്തമാക്കണം.
ഹർഷിന നയിക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിനൊപ്പം വിമൻ ജസ്റ്റിസും പോരാട്ടത്തിലാണ്. സമരത്തിൻെറ മുഴുവൻ ദിവസങ്ങളിലും വിമൻ ജസ്റ്റിസ് ഹർഷിനക്ക് കരുത്തു പകർന്ന് നിലയുറപ്പിക്കുന്നുണ്ടെന്ന് സുബൈദ പറഞ്ഞു.