െഎെസാലേഷൻ വാർഡിൽ യുവതി കുഞ്ഞിന് ജന്മം നൽകി
text_fieldsതൊടുപുഴ: ആശങ്ക മുറ്റിയ തൊടുപുഴ ജില്ല ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് വ്യാഴാഴ്ച പുലർച്ച സാക്ഷ്യം വഹിച്ചത് ആൺകുഞ്ഞിെൻറ ജനനത്തിന്. കോവിഡ് േരാഗികളുടെ ആശങ്ക നിറഞ്ഞ മുഖങ്ങൾ കണ്ടുകൊണ്ടിരുന്ന നഴ്സുമാർക്കാകട്ടെ ആ നിമിഷങ്ങൾ സമ്മാനിച്ചത് പറഞ്ഞറിയിക്കാനാവാത്ത നിർവൃതി. വിദേശത്ത് നിന്നെത്തി കോവിഡ് നിരീക്ഷണത്തിലുള്ള രമ്യമോളാണ് ഐസൊലേഷൻ വാർഡിൽ കുഞ്ഞിന് ജന്മം നൽകിയത്.
സൗദിയിൽ നഴ്സായിരുന്ന രമ്യ 12നാണ് ദമാം ഫ്ലൈറ്റിൽ നാട്ടിലെത്തിയത്. പൂർണ ഗർഭിണിയായ രമ്യ (32) തൊടുപുഴ വണ്ടമറ്റം തൊണ്ടിപ്പറമ്പിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പ്രസവവേദനയെ തുടർന്നാണ് ബുധനാഴ്ച രാവിലെ 7.30 നാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗൈനക്കോളജിസ്റ്റ് ഡോ. ടെസിയാമ്മയുടെ നേതൃത്വത്തിലാണ് പരിചരണങ്ങൾ ഒരുക്കിയത്. പ്രസവത്തിനായി ഐെസാലേഷൻ വാർഡിനോട് ചേർന്ന് സൗകര്യങ്ങളൊരുക്കി. നഴ്സുമാരായ ജിൻസിമോൾ മാത്യു, ബിന്ദു അഗസ്റ്റിൻ, മിന്നു, നഴ്സിങ് അസിസ്റ്റൻറ് ആനീസ് എന്നിവരും സഹായത്തിനുണ്ടായിരുന്നു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. അമ്മ നിരീക്ഷണത്തിലായതിനാൽ കോട്ടയം കറുകച്ചാൽ സ്വദേശിയായ അച്ഛൻ ജോമോന് ഭാര്യയെയും കുഞ്ഞിനെയും നേരിട്ട് കാണാനായിട്ടില്ല. എങ്കിലും വിഡിയോ കാളിലൂടെ കുഞ്ഞിനെ കണ്ടു. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അമ്മ മേഴ്സിയും രമ്യയ്ക്കൊപ്പം വാർഡിലുണ്ട്. രോഗലക്ഷണങ്ങളൊന്നുമില്ലാത്ത രമ്യയുടെ കോവിഡ് പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല.
