സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി: 85 വനിതകൾക്ക് പരിശീലനം നൽകി
text_fieldsസ്ത്രീ സൗഹൃദ ടൂറിസം പദ്ധതി ശക്തിപ്പെടുത്തുന്നതിനായി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച ട്രെയിനേഴ്സ് ഓഫ് ട്രെയിനര്‍ പരിശീലന പരിപാടിയില്‍നിന്ന്
കോട്ടയം: സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് വിനോദസഞ്ചാര വകുപ്പ് ‘ട്രെയിനേഴ്സ് ഓഫ് ട്രെയിനര്‍’ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.എന്‍ വിമണിന്റെ പിന്തുണയോടെയായിരുന്നു പരിപാടി. കുമരകം സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന പരിശീലന പരിപാടിയില്‍ 85 വനിതകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
സംസ്ഥാനത്ത് ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കാനും അനുബന്ധ സേവനങ്ങളില്‍ ഏര്‍പ്പെടാനും താൽപര്യമുള്ള സ്ത്രീകള്‍ക്ക് ഇവര്‍ പരിശീലനം നല്‍കും. ഉത്തരവാദിത്ത ടൂറിസം മിഷനാണ് നോഡല്‍ ഏജന്‍സി. പദ്ധതിയിലൂടെ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട കാറ്ററിങ്, താമസം, ഗതാഗതം, കമ്യൂണിറ്റി ഗൈഡുകളായുള്ള സേവനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്താനാകും.
സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയുമായി രംഗത്തെത്തിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരം പരിശീലന പരിപാടികള്‍ സ്ത്രീ സൗഹൃദ ടൂറിസത്തിന്റെ വളര്‍ച്ചക്കും കൂടുതല്‍ വനിതവിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂറിസം സെക്രട്ടറി കെ. ബിജു, ഡയറക്ടര്‍ പി.ബി. നൂഹ്, ആർ.ടി മിഷന് സംസ്ഥാന കോഓഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍, യു.എന്‍ വിമണ്‍ ഇന്ത്യ കേരള കോ ഓഡിനേറ്റര്‍ ഡോ. പീജ രാജന്, യാത്രികയും സഞ്ചാര സാഹിത്യകാരിയുമായ രമ്യ എസ്. ആനന്ദ്, കീഡ് മുന്‍ സി.ഇ.ഒയും കെ.ടി.ഐ.എല്‍ മാനേജറുമായ ശരത് വി. രാജ്, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, എസ്കേപ്പ് നൗ സ്ഥാപക ഇന്ദു കൃഷ്ണ, എര്‍ത്തേണ്‍ പൂള് വില്ല സ്ഥാപകയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ പി.എസ്. ശാലിനി, വേമ്പനാട് ഹൗസ് സ്ഥാപക സന്ധ്യ തിരുനിലത്ത്, ഗ്രാസ് റൂട്ട് ജേര്‍ണീസ് സ്ഥാപക അമ്പിളി എം. സോമന്, കുമരകം ഉത്തരവാദിത്ത ടൂറിസം കള്‍ചറല്‍ ഗ്രൂപ് ലീഡര്‍ സജിത, ബിജി സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

