പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ബന്ധുക്കൾ മൃതദേഹവുമായി ആശുപത്രി ഉപരോധിച്ചു
text_fieldsകല്ലമ്പലം: പ്രസവത്തെത്തുടർന്ന് യുവതി മരിച്ചതിനാൽ ബന്ധുക്കൾ മൃതദേഹവുമായി ആശുപത്രി ഉപരോധിച്ചു. ചാത്തമ്പറ കെ.ടി.സി.ടി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച കല്ലമ്പലം നെല്ലിക്കോട് നെസ് ലെ ഭവനിൽ ശ്രീജയാണ് (21) മരിച്ചത്. സിസേറിയനുശേഷം നില വഷളായതിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ച രണ്ടിന് മരിച്ചു. സിസേറിയനുമുമ്പ് അധിക ഡോസിൽ ഇഞ്ചക്ഷൻ നൽകിയതാണ് യുവതി മരിക്കാൻ കാരണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതർ സമ്മതിച്ചില്ലെന്നും ആരോപിച്ചാണ് ആശുപത്രി ഉപരോധിച്ചത്.
ആശുപത്രി അധികൃതർ പറയുന്നത്: ‘പ്രസവത്തിനുവേണ്ടി എട്ടിന് ഉച്ചക്ക് 12.30 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയനിലൂടെ ആൺകുഞ്ഞ് ജനിച്ചു. അലർജിക് റിയാക്ഷൻ ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷം ആൻറിബയോട്ടിക് നൽകി. ബി.പി താഴ്ന്നതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി 11ഓടെ തിരുവനന്തപുരത്തേക്ക് റഫർ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എേട്ടാടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ആശുപത്രിക്കുമുന്നിൽ നിർത്തിയിട്ടതോടെ നാട്ടുകാരും കൂട്ടത്തോടെ എത്തി. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയെങ്കിലും പ്രതിഷേധത്തിന് അയവുവന്നില്ല.
കുറ്റക്കാരാണെങ്കിൽ നടപടിയെടുക്കാെമന്ന ഉറപ്പിന്മേൽ ഉച്ചയോടെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ശ്രീജ കോഴിക്കോട് ലോ കോളജിലെ അവസാന വർഷ വിദ്യാർഥിയാണ്. ഭർത്താവ് അനു അശോക് വിസ്മയ ചാനലിെൻറ പ്രധാന കോഓഡിനേറ്ററാണ്. അനുവിെൻറ വിദേശത്തുള്ള മാതാവ് നാട്ടിലെത്തിയ ശേഷം കഴക്കൂട്ടം വെട്ടുറോഡിലുള്ള ശ്രീജയുടെ വസതി വളപ്പിൽ മൃതദേഹം സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
