ഷെയർ ടാക്‌സി ആക്രമണം: പുറത്തിറങ്ങാൻപോലും ഭയം തോന്നുന്നതായി ഡ്രൈവർ ഷഫീഖ്
text_fieldsകൊച്ചി: തനിക്ക് വീടിന് പുറത്തിറങ്ങാൻപോലും ഭയം തോന്നുന്നതായി ദേശീയപാതയിൽ യാത്രക്കാരായ സ്ത്രീകളുടെ ആക്രമണത്തിനിരയായ ഓൺലൈൻ ടാക്‌സി ഡ്രൈവർ ഷഫീഖ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ശാരീരിക വേദനകൾക്കൊപ്പം മാനസികമായി തകർന്നുപോയി. സംഭവം ഓർക്കുമ്പോൾ ഭയം തോന്നുന്നു. മക്കളെപ്പോലും പലരും ഇതിെൻറ പേരിൽ അധിക്ഷേപിക്കുന്നുണ്ട്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു ആക്രമണം.
ഷെയർ ടാക്‌സി ബുക്ക് ചെയ്‌ത സ്ത്രീകൾ ഇതിന് വിരുദ്ധമായി ടാക്‌സിയിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രികനെ ഇറക്കിവിടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അവർ അത് അംഗീകരിച്ചില്ല. എങ്കിൽ, നിങ്ങൾ ഈ ടാക്‌സി റദ്ദാക്കി മറ്റൊരു ടാക്‌സി ബുക്ക് ചെയ്‌താൽ ഉടൻ മറ്റൊരു ടാക്‌സി എത്തുമെന്ന് പറഞ്ഞ് യാത്ര തുടരാൻ ഒരുങ്ങുകയായിരുന്നു. ഇതിനിടയിലാണ് സ്ത്രീകൾ ഡോർ ശക്തമായി വലിച്ചടക്കുകയും കാറിൽ ചവിട്ടുകയും ചെയ്‌തത്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മൂവരും ചേർന്ന് തന്നെ ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ഷഫീഖ് ആരോപിക്കുന്നു. അടിവസ്ത്രം വരെ കീറിക്കളഞ്ഞായിരുന്നു മർദനം. തന്നെ മർദിക്കുന്ന വിഡിയോ കണ്ട മാതാവ് കുഴഞ്ഞുവീണു. ഭാര്യക്കും മാനസിക ആഘാതമുണ്ടായതായും ഷഫീഖ് പറഞ്ഞു.
ഷഫീഖ് ആക്രമണത്തിനിരയായിട്ടും നിരുത്തരവാദപരമായാണ് ഓൺലൈൻ ടാക്‌സി കമ്പനി അധികൃതർ പെരുമാറിയതെന്ന് സംസ്‌ഥാന മോട്ടോർ തൊഴിലാളി യൂനിയൻ (ടി.യു.സി.ഐ) പ്രസിഡൻറ് ടി.സി. സുബ്രഹ്മണ്യൻ ആരോപിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻപോലും കമ്പനി അധികൃതർ തയാറായില്ല. യൂനിയൻ ഇടപെട്ടശേഷമാണ് ചികിത്സ നൽകാൻ ആശുപത്രി അധികൃതർപോലും തയാറായത്. ഒരു മാസത്തിനിെട രണ്ട് ഡ്രൈവർമാർ നഗരത്തിൽ ആക്രമണങ്ങൾക്കിരയായിട്ടും പൊലീസ് പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചാർത്തി ജാമ്യത്തിൽ വിടുകയാണ് ചെയ്‌തത്.
സമൂഹത്തിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ കുറ്റവാളികളായ സ്ത്രീകളെ മാതൃകപരമായി ശിക്ഷിക്കണം. അല്ലാത്തപക്ഷം സ്ത്രീപീഡനക്കേസുകളിൽ ജയിലിൽ കഴിയുന്ന പ്രമുഖരടക്കമുള്ളവരെ രക്ഷിക്കാൻ പലരും ഇത്തരം സംഭവങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യൂനിയൻ ചൊവ്വാഴ്ച നടത്താനിരുന്ന ഉബർ ഓഫിസ് മാർച്ച് തൽക്കാലം മാറ്റിെവച്ചതായും അദ്ദേഹം പറഞ്ഞു. യൂനിയൻ സെക്രട്ടറി സുകേഷ് ബാബു, ജോയൻറ് സെക്രട്ടറിമാരായ ഷാജോ ജോസ്, എൻ.എ. ബിജോയ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
