പൊലീസിനെയും ഇൻസ്റ്റഗ്രാം അധികൃതരെയും ഇളിഭ്യരാക്കി യുവതിയുടെ 'ആത്മഹത്യാനാടകം'
text_fieldsതിരുവനന്തപുരം: പൊലീസിനെയും ഇൻസ്റ്റഗ്രാം അധികൃതരെയും ഇളിഭ്യരാക്കി യുവതിയുടെ 'ആത്മഹത്യാശ്രമ നാടകം'. യുവതി ആത്മഹക്ക് ശ്രമിക്കുന്നെന്ന വിവരത്തെ തുടർന്ന് ഉണർന്ന് പ്രവർത്തിച്ച പൊലീസ് ഒടുവിൽ സംഭവം അറിഞ്ഞപ്പോൾ 'നാണംകെട്ടു'. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. തലസ്ഥാന നഗരിയിൽ ആത്മഹത്യ നാടകം കളിച്ച ആലപ്പുഴ സ്വദേശിയായ യുവതിയെയാണ് കഥയറിയാതെ സൈബർസെല്ലിന്‍റെയും കരമന ലോക്കൽ പൊലീസിന്‍റെയും സമയോചിതമായി ഇടപെട്ട് 'രക്ഷിച്ചത്'.
തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇൻസ്റ്റഗ്രാമിൽ ലൈവ് ദൃശ്യങ്ങൾ പങ്കുവച്ചായിരുന്നു യുവതിയുടെ ആത്മഹത്യാനാടകം. ഫാനിൽകുരുക്കിട്ട് രക്തം വാർന്നൊഴുകുന്ന നിലയിലായിരുന്നു യുവതിയുടെ ദൃശ്യം. ദൃശ്യങ്ങൾ പരിശോധിച്ച ഇൻസ്റ്റഗ്രാം അധികൃതർ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പതിനഞ്ച് മിനിട്ടിനുള്ളിൽ തിരുവനന്തപുരത്ത് നിന്നും യുവതിയെ കണ്ടെത്താനായത്. യുവതി എവിടെയാണെന്ന വിവരം ആദ്യമുണ്ടായിരുന്നില്ല. കേരളത്തിലുള്ള ആളാണെന്ന വിവരം മാത്രമാണുണ്ടായിരുന്നത്. വിവരം ശ്രദ്ധയിൽപ്പെട്ട കമീഷണർ ഇത് എത്രയും പെട്ടെന്ന് അന്വേഷിക്കാൻ സൈബർ സെല്ലിനോട് നിർദ്ദേശിച്ചു.
തുടർന്ന് കൊച്ചിൻ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ചേർത്തലയാണെന്നാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് യുവതി കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായി. തുടർന്ന് വിവരം കരമന പൊലീസിന് കൈമാറുകയും മിനിട്ടുകൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തി യുവതിയെ കണ്ടെത്തുകയായിരുന്നു. എന്നാൽ യുവതിയെ കണ്ടതോടെ പൊലീസ് അക്ഷരാർഥത്തിൽ ഞെട്ടി. യുവതിക്ക് ഒരു പരിക്കും ഇല്ലായിരുന്നു. മൂന്ന് വർഷത്തോളമായി പരിചയമുള്ള തിരുവനന്തപുരം മാമ്പഴക്കര സ്വദേശിയായ യുവാവുമായി മേലാറന്നൂരിന് സമീപം വാടകക്കുള്ള വീട്ടിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു യുവതി. വിവാഹിതയും ആറ് വയസുള്ള ഒരു കുട്ടിയുടെ മാതാവുമാണ് യുവതി. വിവാഹമോചന കേസ് നടക്കുകയാണ്. അതിനിടെയാണ് യുവാവുമായി ഒരുമിച്ച് താമസിച്ച് തുടങ്ങിയത്. യുവാവിന്‍റെ വീട്ടുകാർ ഈ ബന്ധത്തെ അംഗീകരിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച യുവതിയും സുഹൃത്തും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. വൈകുന്നേരമായിട്ടും യുവാവ് മടങ്ങിയെത്താതിനെ തുടർന്ന് അയാളെ ഭയപ്പെടുത്താനാണ് ആത്മഹത്യ നാടകം നടത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. രക്തം ഒഴുകുന്നതായി കാണിക്കുന്നതിന് സോസാണ് യുവതി ഉപയോഗിച്ചത്. പൊലീസ് എത്തി അൽപസമയത്തിനുള്ളിൽ യുവാവും എത്തി. ഇരുവരും തമ്മിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു. തുടർന്ന് യുവതിയെ ഒരു ബന്ധുവിനൊപ്പം അയച്ചെന്നും കരമന പൊലീസ് പറഞ്ഞു. കേരളാ പൊലീസിന്‍റെ സമയോചിത ഇടപെടലിന്‍റെ ഭാഗമായി യുവതിയുടെ ജീവൻ രക്ഷിച്ചെന്ന നിലയിലായിരുന്നു ഈ സംഭവം ആദ്യം പ്രചരിക്കപ്പെട്ടത്. സംഭവത്തിന്‍റെ നിജസ്ഥിതി മനസിലാക്കിയതോടെ പൊലീസും ഇളിഭ്യരായെന്നതാണ് സത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

