അടൂരിൽ യുവതിയുടെ മരണം: ആൺസുഹൃത്ത് അറസ്റ്റിൽ; ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി
text_fieldsഷെഹന, അരുൺകുമാർ
പത്തനംതിട്ട: അടൂരിൽ യുവതിയെ സംശയകരമായ സാഹചര്യത്തിൽ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം പറക്കോട് രഞ്ജിത്ത് ഭവനത്തിൽ അനന്തകൃഷ്ണൻ ആചാരിയുടെ മകൻ അരുൺകുമാർ (34) ആണ് അറസ്റ്റിലായത്.
കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹനയാണ് (31) മരിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഷെഹന മരിക്കുന്നതിനുമുമ്പ് അരുണ്‍ മര്‍ദിച്ചതായി വ്യക്തമായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണം. കെ.എസ്.ഇ.ബിയിലെ താൽക്കാലിക ഡ്രൈവറാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷെഹനയുമായി അരുൺ കുമാറിന് നേരത്തെ മുതൽ ബന്ധം ഉണ്ടായിരുന്നതായും വിവാഹശേഷം ഭർത്താവുമായി പിരിഞ്ഞ് അടൂരിൽ താമസിക്കുമ്പോൾ ബന്ധം തുടർന്നതായും പൊലീസ് അറിയിച്ചു.
ഷെഹനയുടെ സ്വകാര്യ വിഡിയോകളും ഫോട്ടോകളും മൊബൈൽ ഫോണിൽ പകർത്തിയതായും കണ്ടെത്തി. തന്നെ വിവാഹം കഴിക്കണമെന്നും മതം മാറണമെന്നും അരുൺകുമാർ ഷെഹനയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം മനസ്സിലാക്കിയ ഷെഹന ഇതിനെ എതിർത്തിരുന്നു. ഇക്കാരണത്താൽ അരുൺകുമാർ ഷെഹനയെ ഉപദ്രവിക്കുമായിരുന്നു. മൊബൈൽ ഫോണിൽ പകർത്തിയ സ്വകാര്യ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച വൈകിീട്ട് ഇതേ ചൊല്ലി രണ്ടുപേരും തമ്മിൽ വഴക്ക് നടന്നു. അരുൺകുമാർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഷെഹനയുടെ രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ട്യൂഷന് പോയ സമയത്തായിരുന്നു സംഭവം.
ഹാളിലെ സ്റ്റെയറിന്റെ പിടിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദേഹത്തുനിന്ന് രക്തം വരുന്നുണ്ടായിരുന്നു. മൃതദേഹത്തിന്‍റെ കാലുകൾ തറയിൽ മുട്ടിയിരുന്നു. കൂടാതെ വീടിന്റെ നിലത്തും കോണിപ്പടികളിലും രക്തപ്പാടുകളും കണ്ടെത്തി. ഇതോടെയാണ് ഷെഹനയെ അരുൺ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചത്.
എന്നാൽ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അത്തരം തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. അതേസമയം, മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഷെഹനയുടെ ഉമ്മ ഷീജ പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടില്‍വന്ന് പത്തുമിനിറ്റ് പോലും ആകുന്നതിന് മുന്നേയാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഷെഹനയെ കൊലപ്പെടുത്തിയത് തന്നെയാണെന്നും ഷീജ പറഞ്ഞു. മൃതദേഹം കണ്ണങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

