എസ്.എ.ടി ആശുപത്രിയിൽ യുവതിയുടെ മരണം: കാരണമായത് അണുബാധ, ആശുപത്രിയിൽനിന്നാണെന്ന് പറയാനാകില്ലെന്ന്
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് എസ്.എ.ടി ആശുപത്രിയിൽ പ്രസവാനന്തരം ശിവപ്രിയ മരിച്ചത് ബാക്ടീരിയൽ അണുബാധമൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്. പ്രസവശേഷമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നാണ് ‘സ്റ്റഫൈലോകോക്കസ്’ അണുബാധ ഉണ്ടായതെന്ന് പറയാനാകില്ലെന്നാണ് അന്വേഷണസമിതി ചൂണ്ടിക്കാട്ടുന്നത്. മുറിവുകളിലൂടെയോ ചർമ്മത്തിലെ കേടുപാടുകളിലൂടെയോ ഉള്ളിൽ പ്രവേശിച്ചാൽ ഗുരുതര അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ ഗ്രൂപ്പാണിത്.
ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സംഗീതയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യം അന്വേഷിച്ചത്. അന്വേഷണ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി. മുറിവുകളിലൂടെയോ ചർമത്തിലെ കേടുപാടുകളിലൂടെയോ ഉള്ളിൽ പ്രവേശിച്ചാൽ ഗുരുതര അണുബാധക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ ഗ്രൂപ്പാണ് ‘സ്റ്റഫൈലോകോക്കസ്’.
ആശുപത്രിയിൽനിന്ന് അല്ലാതെ ഈ അണുബാധ ഉണ്ടാകാൻ സാധ്യതയില്ലെന്നും റിപ്പോർട്ട് ഇങ്ങനെ ആകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും സഹോദരൻ ശിവപ്രസാദ് പറഞ്ഞു. ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും ശിവപ്രസാദ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം, കരിക്കകം സ്വദേശി ശിവപ്രിയ (26) അണുബാധയെ തുടർന്ന് മരിച്ചത്. ഒക്ടോബർ 22നായിരുന്നു എസ്.എ.ടിയിൽ ശിവ പ്രിയ കുഞ്ഞിന് ജന്മം നൽകിയത്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനെ തുടർന്ന് 25ന് ആശുപത്രി വിട്ടു. എന്നാൽ, അടുത്ത ദിവസം പനി പിടിച്ചതോടെ 26ന് തിരികെ ആശുപത്രിയിലെത്തിച്ചു. നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നു നടന്ന ബ്ലഡ് കൾചറിൽ അണുബാധ കണ്ടെത്തി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
എസ്.എ.ടി ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് അണുബാധയുണ്ടായതെന്നും, വേണ്ട ചികിത്സ ലഭിച്ചില്ലെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. പ്രസവത്തിനുശേഷം ഡോക്ടർ സ്റ്റിച്ചിട്ടത് വൃത്തിയില്ലാതെയാണെന്നും ആശുപത്രിയിൽനിന്നും ശിവപ്രിയക്ക് അണുബാധയുണ്ടായതായും ഭർത്താവ് മനു പറഞ്ഞു. രണ്ടര വയസ്സുള്ള മകളും, ദിവസങ്ങൾ മാത്രം പ്രായമുള്ള കൈകുഞ്ഞുമായും ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
അണുബാധ ലക്ഷണങ്ങൾ തുടക്കത്തിൽ കാണിച്ചിരുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുവും ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സുജയും നേരത്തെ അറിയിച്ചത്. ലേബർ റൂം അണുവിമുക്തമായിരുന്നു. പ്രസവസമയത്ത് കുഞ്ഞിനും അമ്മക്കും അണുബാധ ലക്ഷണങ്ങൾ ഇല്ലായിരുന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ പനി ഇല്ലായിരുന്നു. വീട്ടിൽ പോയ ശേഷമാണ് യുവതി ഛർദിയുമായി വന്നത്. ആശുപത്രിയില്‍ എത്തുമ്പോൾ യുവതിയുടെ തുന്നൽ ഇളകിയ നിലയിലായിരുന്നു. മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ നിന്നാണോ അണുബാധ ഉണ്ടായതെന്ന് പറയാൻ കഴിയില്ലെന്നുമായിരുന്നു നേരത്തെ ഡോക്ടര്‍മാർ വിശദീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

