സോമരാജനെ അറിയുമോ? -വഴിചോദിച്ചയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കാലിൽ കാർ കയറ്റി സ്ഥലംവിട്ടു
text_fieldsമാല മോഷണം നടന്ന സ്ഥലത്തെത്തിയ പൊലീസ് വീട്ടമ്മയിൽ നിന്നും മൊഴിയെടുക്കുന്നു
അഞ്ചൽ: ബസ് കാത്ത് വഴിയരികിൽ നിന്ന വീട്ടമ്മയോട് എൽ.ഐ.സി ഏജന്റിനെ അറിയുമോ എന്ന് ചോദിച്ച് സ്വർണ്ണമാല പൊട്ടിച്ചെടുത്തു കാറിലെത്തിയയാൾ കടന്നു. പനച്ചവിള-തടിക്കാട് പാതയിൽ വൃന്ദാവനം ജങ്ഷനിൽ ഇന്നലെ പകൽ രണ്ട് മണിയോടെയാണ് സംഭവം. ഭാഗ്യക്കുന്ന് നിഷ ഭവനിൽ അജിത (53)യുടെ രണ്ട്പവൻ മാലയാണ് അപഹരിക്കപ്പെട്ടത്.
വൃന്ദാവനം ജങ്ഷനിൽ ബസ് കാത്തുനിന്ന അജിതയുടെ സമീപത്തേക്ക് കാറിൽ വന്നയാൾ എൽ.ഐ.സി ഏജൻറായ സോമരാജൻ എന്ന ആളിനെ അറിയുമോ എന്ന് ചോദിച്ചു. മറുപടി പറയുന്നതിനിടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഈ സമയം അജിത കാറിൻറെ സ്റ്റിയറിങ്ങിൽ കടന്നുപിടിച്ചുവെങ്കിലും മോഷ്ടാവ് കത്തികാട്ടി ഭീഷണിപ്പെടുത്തി അജിതയുടെ കാലിലൂടെ കാറിൻറെ ചക്രങ്ങൾ കയറ്റിയിറക്കി. ഇതോടെ അജിതക്ക് കാറിൻറെ പിടിവിടേണ്ടി വന്നു. ഉടൻ തന്നെ മോഷ്ടാവ് ഹെഡ് ലൈറ്റുമിട്ട് അമിത വേഗതയിൽ അസുരമംഗലം ഭാഗത്തേക്ക് കാർ ഓടിച്ചു പോയി.
വിവരമറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് അജിതയിൽ നിന്നും വിവരശേഖരണം നടത്തുകയും പരിസരത്തെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ചാരനിറത്തിലുള്ള മാരുതി 800 കാറിലാണ് മോഷ്ടാവെത്തിയതെന്ന് അജിത പൊലീസിന് മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

