മുക്കം നഗരസഭ ഓഫിസിൽ യുവതിയുടെ പരാക്രമം: മൂന്നു ജീവനക്കാർക്ക് പരിക്ക്
text_fieldsപരിക്കേറ്റ റവന്യൂ ഇൻസ്‌പെക്ടർ ധന്യ
മുക്കം: മുക്കം നഗരസഭാ ഓഫിസിലെത്തിയ യുവതി ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ഓഫിസ് ഫയലുകളുൾപ്പെടെ നശിപ്പിക്കാൻ ശ്രമിച്ചതായും പരാതി. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൈയേറ്റത്തിൽ റവന്യൂ ഇൻസ്‌പെക്ടർ ധന്യ, ക്ലർക്കുമാരായ പുതിയേടത്ത് രേഖ, പി.കെ. ആരിഫ എന്നിവർക്കാണ് പരിക്കേറ്റത്.
മാതാവിന്റെ വിധവ പെൻഷനുമായി ബന്ധപ്പെട്ടാണ് കച്ചേരി സ്വദേശിയായ യുവതി നഗരസഭ ഓഫിസിലെത്തിയത്. യുവതിയുടെ മാതാവ് നിലവിൽ വിധവ പെൻഷൻ ഗുണഭോക്താവാണ്. 60 വയസിന് താഴെയുള്ള വിധവ പെൻഷൻ വാങ്ങുന്നവർ ഓരോ വർഷത്തിലും പുനർവിവാഹം നടത്തിയിട്ടില്ലെന്നു സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. അതേസമയം യുവതിയുടെ മാതാവിന് 70 വയസോളം പ്രായമുണ്ടെങ്കിലും നഗരസഭാ രേഖകളിൽ 54 വയസാണ് പ്രായം കാണിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ വർഷം പുനർവിവാഹം നടത്തിയിട്ടില്ലെന്ന് സർട്ടിഫിക്കറ്റ് നൽകേണ്ടതിലേക്കായി വിവരമറിയിച്ചതിനെ തുടർന്നാണ് ഇവർ നഗരസഭ ഓഫിസിലെത്തിയത്.
കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനിടെ യുവതി പെട്ടെന്ന് പ്രകോപിതയാവുകയും ഓഫിസ് ഫയലുകൾ തട്ടിത്തെറിപ്പിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. ഒടുവിൽ മുക്കം പൊലീസെത്തിയാണ് യുവതിയെ ഓഫിസിൽനിന്നും മാറ്റിയത്. യുവതിയെ പൊലീസ് കൊണ്ടുപോയശേഷം യുവതിയുടെ ബന്ധുക്കളെത്തി നഗരസഭ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും നഗരസഭാ സെക്രട്ടറി ആരോപിച്ചു. ഇവർക്കെതിരെയും ജീവനക്കാരെ കൈയേറ്റം ചെയ്ത യുവതിക്കെതിരെയും മുക്കം പൊലീസിൽ പരാതി നൽകിയതായും നഗരസഭാ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

