മറയൂരിലെ മഞ്ഞൾപ്പെരുമ ; പരിമിതികളെ വെല്ലുവിളിച്ച് ദേവി സുബ്ബുരാമൻ
text_fieldsദേവി സുബ്ബുരാമൻ
തൊടുപുഴ: പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മറയൂരിന്റെ മണ്ണിൽ പ്രതിസന്ധികളെ വിജയത്തിന്റെ ചുവപ്പണിയിക്കുകയാണ് ദേവി സുബ്ബുരാമൻ. ഒരു സാധാരണ സുഗന്ധവ്യഞ്ജന കർഷക എന്നതിലുപരി, കഠിനാധ്വാനവും നൂതന ആശയങ്ങളും കൈകോർത്താൽ കാർഷികവൃത്തി എങ്ങനെ മികച്ച സംരംഭമാക്കി മാറ്റാമെന്ന് തെളിയിക്കുകയാണ് ഈ കുടുംബശ്രീ അംഗം.
2006 മുതൽ കുടുംബശ്രീയുടെ സജീവ പ്രവർത്തകയായ ദേവി, മഞ്ഞളിന്റെ മൂല്യവർധന ലക്ഷ്യമിട്ടാണ് 'കെ-ഇനാം ടർമറിക് അഗ്രി പ്രൊഡ്യൂസർ ഗ്രൂപ്പിന് രൂപം നൽകിയത്. തുടർന്ന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലും മൈസൂരിലെ പ്രശസ്തമായ സി.എസ്.ഐ.ആർ-സി.എഫ്.ടി.ആർ.ഐയുടെ സാങ്കേതിക പിന്തുണയോടെയും മഞ്ഞൾ സംസ്കരണത്തിൽ വിദഗ്ധ പരിശീലനം നേടി.
പക്ഷേ, തുടക്കം അത്ര എളുപ്പമായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ആദ്യകാലങ്ങളിൽ മഞ്ഞൾ കൈകൊണ്ട് അരിഞ്ഞുണക്കേണ്ടി വന്നു. സംസ്കരണത്തിനായി മറ്റ് യൂണിറ്റുകളെ ആശ്രയിച്ചും, കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെ.വി.കെ) സഹായത്തോടെ ഉണക്കൽ ജോലികൾ പൂർത്തിയാക്കിയും അവർ ആ പ്രതിസന്ധികളെ അതിജീവിച്ചു. 2026 ജനുവരിയിൽ കുടുംബശ്രീ ജില്ലാ മിഷൻ യന്ത്രസാമഗ്രികൾക്കും പ്രവർത്തനമൂലധനത്തിനുമായി 2.5 ലക്ഷം രൂപ അനുവദിച്ചതോടെ സംരംഭത്തിന് കൂടുതൽ കരുത്തായി. കൊച്ചിയിൽ നടന്ന കെ-ഇനാം ഗ്ലോബൽ ലോഞ്ചിലൂടെയാണ് ഈ ഉൽപന്നം ആദ്യമായി വിപണിയുടെ ശ്രദ്ധ ആകർഷിച്ചത്. നിലവിൽ ഈ സംരംഭത്തിന്റെ മാതൃക കാണാൻ നിരവധി പേരാണ് മറയൂരിലെ യൂണിറ്റിലേക്ക് എത്താറുള്ളത്.
മഞ്ഞൾപ്പൊടി നിർമ്മാണത്തിൽ മാത്രം ഒതുങ്ങുന്നതല്ല ദേവിയുടെ ലക്ഷ്യങ്ങൾ. മഞ്ഞൾ ലേഹ്യം, ഗോൾഡൻ മിൽക്ക് പൗഡർ, ഇഞ്ചി-മഞ്ഞൾ തേൻ, സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത തേൻ, വെളുത്തുള്ളി തേൻ തുടങ്ങി വൈവിധ്യമാർന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പണിപ്പുരയിലാണ് അവർ. ഇതിൽ പ്രകൃതിദത്ത ചേരുവകൾ കൊണ്ടുണ്ടാക്കുന്ന മഞ്ഞൾ ലേഹ്യത്തിന് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സംരംഭം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് കസ്തൂരി മഞ്ഞളും സാധാരണ മഞ്ഞളും സ്വന്തമായി കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദേവി. സ്വന്തം കൃഷിയിലൂടെ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും കൂടുതൽ വിപണികൾ കീഴടക്കാനും കഴിയുമെന്ന ദൃഢനിശ്ചയത്തിലാണ് ഈ മിടുക്കിയായ സംരംഭക.

