രക്ഷകയായി അക്ഷര; അപകടത്തിൽ പരിക്കേറ്റ അഖിലിന് ഇത് രണ്ടാം ജന്മം
text_fieldsഅക്ഷര
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവിന് യുവതിയുടെ ഇടപെടൽ രക്ഷയായി. മെഡിക്കൽ കോളജ് ജീവനക്കാരിയായ അക്ഷരയാണ് വാമനപുരം ആനാകുടി അമ്പാടി ഹൗസില്‍ അഖിലിന്‍റെ രക്ഷകയായത്. കോലിയക്കോട് കലുങ്ക് ജങ്ഷന് സമീപം അഖിലിന്റെ ബൈക്ക് ലോറിയിലിടിക്കുകയായിരുന്നു. അരമണിക്കൂറോളം റോഡിൽ രക്തം വാർന്ന് കിടന്നിട്ടും ആരും തിരിഞ്ഞു നോക്കാതിരുന്ന യുവാവിനെ വെള്ളിയാഴ്ച രാവിലെ ഓഫിസിലേക്കുള്ള യാത്രക്കിടെയാണ് അക്ഷര കണ്ടത്. അതുവഴി പോകുകയായിരുന്ന ബാലരാമപുരം പൊലീസ് ജീപ്പിന് കൈ കാണിക്കുകയും പരിക്കേറ്റ യുവാവിനെ വാഹനത്തിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ച അഖിലിന്‍റെ ബന്ധുക്കൾ എത്തിയ ശേഷമാണ് അക്ഷര ആശുപത്രിയിൽനിന്ന് പോയത്. കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞതിനാലാണ് ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.