ആശുപത്രിക്ക് മുന്നിൽ കാറിൽ യുവതിയുടെ പ്രസവം; കാറിനകത്തുതന്നെ പരിചരിച്ച് ഡോക്ടർമാർ
text_fieldsമരട് (കൊച്ചി): ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാറിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ഡോക്ടർമാരുടെ സംഘം. ഞായറാഴ്ച രാവിലെ 8.45ന് നെട്ടൂർ വി.പി.എസ്. ലേക്ഷോർ ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപമായിരുന്നു സംഭവം. പ്രസവവേദനയുമായി ആശുപത്രിയിലേക്ക് തിരിച്ച കണ്ണൂർ സ്വദേശിനിയായ 21കാരിയുടെയും ആൺ കുഞ്ഞിന്റെയും ജീവനാണ് കൃത്യസമയത്തെ ഇടപെടലിലൂടെ അത്യാഹിത വിഭാഗത്തിലെ ഡോ. ആദിൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രക്ഷപ്പെടുത്തിയത്.
യുവതിയും കുടുംബവും അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി കാർ നിർത്തുമ്പോൾ കുഞ്ഞ് പുറത്തുവന്ന് തുടങ്ങിയിരുന്നു. ഇതോടെ ഡോ. ആദിൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം ഓടിയെത്തി. യുവതിയെ ആശുപത്രിക്കുള്ളിലേക്ക് മാറ്റാവുന്ന സാഹചര്യമല്ലെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ വോൾവോ കാറിൽവെച്ചുതന്നെ പ്രസവത്തിന് സൗകര്യമൊരുക്കുകയായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് തലശ്ശേരിയിൽനിന്ന് കുടുംബം കഴിഞ്ഞ ദിവസം അരൂരിൽ എത്തിയത്. ജനുവരി 22നാണ് പ്രസവം നിശ്ചയിച്ചിരുന്നത്.
എന്നാൽ ഞായറാഴ്ച പുലർച്ചെ വേദന തുടങ്ങി. ഇതോടെ ഇവർ അരൂരിലെ ഒരു ആശുപത്രിയിലെത്തി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ വേദന ശക്തമായതോടെ ലേക്ഷോറിലേക്ക് പുറപ്പെടുകയായിരുന്നു. യുവതി ലേബർ റൂമിൽ പ്രസവാനന്തര പരിചരണത്തിലാണ്. കുഞ്ഞ് എൻ.ഐ.സി.യുവിലുമാണ്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള നിലയിലാണ് യുവതിയും കുഞ്ഞുമുണ്ടായിരുന്നതെന്ന് ഡോ. ആദിൽ അഷ്റഫ് പറഞ്ഞു. ഡോ. അരുണിന്റെ പരിചരണത്തിൽ കുഞ്ഞ് എൻ.ഐ.സിയുവിൽ സുരക്ഷിതനാണെന്ന് പീഡിയാട്രിക് വിഭാഗം മേധാവി ഡോ. നവീൻ ആന്റോയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

