വീട്ടമ്മയെ റോഡിൽ ബോധമറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു; 10 ദിവസമായിട്ടും കോമയിൽ തന്നെ
text_fieldsശോഭനാകുമാരി
കായംകുളം (ആലപ്പുഴ): കൃഷ്ണപുരത്ത് വിജനമായ റോഡിൽ വീട്ടമ്മയെ ബോധമറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 10 ദിവസമായിട്ടും ദുരൂഹത മാറ്റാനായില്ല. കൃഷ്ണപുരം തോപ്പിൽ തെക്കതിൽ പരേതനായ സതീഷ് കുമാറിെൻറ ഭാര്യ ശോഭനാകുമാരിയെയാണ് (52) വീട്ടിലേക്കുള്ള വഴിയിൽ സാരമായ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മുന്നോളം ശസ്ത്രക്രിയകൾക്ക് വിധേയമായ ഇവർക്ക് ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ല. ഏകആശ്രയമായ അമ്മക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാൻ കഴിയാത്ത വിഷമത്തിലാണ് ഏക മകൾ ലക്ഷ്മി പ്രിയ (15) ഉള്ളത്.
കഴിഞ്ഞ 17 ന് രാത്രി എട്ട് മണിയോടെ കൃഷ്ണപുരം സി.പി.സി.ആർ.ഐക്ക് സമീപമുള്ള ഇടവഴിയിലാണ് പരിക്കേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്. മഴയത്ത് അബോധാവസ്ഥയിൽ കിടന്നിരുന്ന ശോഭനകുമാരിയെ ഇതുവഴി വന്ന ബൈക്ക് യാത്രികരാണ് സമീപത്തെ വീട്ടിലേക്ക് മാറ്റിയത്. ധരിച്ചിരുന്ന റോൾഡ് ഗോൾഡ് മാലയും പേഴ്സും കിടന്ന ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു.
തലക്ക് പിന്നിൽ അടിയേറ്റ തരത്തിലുള്ള സാരമായ പരിക്കാണ് ഏറ്റിരിക്കുന്നതെന്നാണ് ഡോക്ടർമാരുടെ നിഗമനം. മൂന്ന് നില കെട്ടിടത്തിൽ നിന്നും വീഴുന്ന തരത്തിലുള്ള ആഘാതം തലക്ക് സംഭവിച്ചതായാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. തലച്ചോർ ഒരു ഭാഗത്തേക്ക് മാറുന്ന തരത്തിലുള്ള ആഘാതമാണ് ഏറ്റിരിക്കുന്നത്. സാധാരണ ഗതിയിലുള്ള വീഴ്ചയിൽ ഇത്തരം ക്ഷതം സംഭവിക്കാറില്ലന്നാണ് ഡോക്ടർമാർ പറയുന്നത്.
ശോഭനകുമാരിയുടെ നില വഷളായിട്ടും ബോധം വന്നതിന് ശേഷമേ ദുരൂഹത മാറ്റാനാകുമെന്നാണ് പൊലീസ് പറയുന്നത്. രണ്ടാഴ്ച പിന്നിട്ടിട്ടും സംഭവത്തിൽ വ്യക്തത വരുത്താൻ കഴിയാത്ത പൊലീസ് നടപടിയിൽ പ്രതിഷേധവും ഉയരുന്നു.
എന്നാൽ, വിവരം അറിഞ്ഞുടൻ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നുവെങ്കിലും ശക്തമായ മഴ പെയ്തതിനാൽ കാര്യമായി പരിശോധിക്കാനായില്ലെന്നാണ് പൊലീസ് പറയുന്നത്. ശോഭനകുമാരി ദേശീയ പാതയിലൂടെ ഇടവഴിയിലേക്ക് പ്രവേശിക്കുന്നത് സി.സി.ടി.വിയിൽ തെളിഞ്ഞിട്ടുണ്ട്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനാകുന്നില്ല. ബോധം തെളിഞ്ഞാൽ മാത്രമെ അന്വേഷണം ശരിയായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്.
ബോധം വന്നോയെന്ന് അറിയാനായി എന്നും പൊലീസ് വിളിക്കാറുണ്ടെന്ന് ശോഭനയുടെ ബന്ധുക്കൾ പറയുന്നു. സംഭവ ദിവസം വൈകീട്ട് 5.30 നാണ് ഡോക്ടറെ കാണാനായി ശോഭന വീട്ടിൽ നിന്നിറിങ്ങിയത്. മരുന്നിന്റെ കുറിപ്പടിയും പഴ്സിലുണ്ടായിരുന്നു. ലഹരി-ക്വട്ടേഷൻ മാഫിയകൾ തമ്പടിക്കുന്ന റോഡിലുണ്ടായ സംഭവത്തില ദുരൂഹത മാറ്റാൻ വേഗത്തിൽ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

