ഹോട്ടല്‍ മുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല
text_fieldsതിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട സ്വദേശിനി ഗായത്രിയാണ് മരിച്ചത്. ഗായത്രിക്കൊപ്പം മുറിയെടുത്ത കൊല്ലം സ്വദേശി പ്രവീണിനെ കാണാനില്ല. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ശനിയാഴ്ച ഉച്ചക്കാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. വൈകിട്ട് പ്രവീൺ പുറത്തേക്ക് പോയപ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. യുവതി മുറിയിലുണ്ടെന്ന് പറഞ്ഞ് രാത്രിയിൽ ഹോട്ടലിൽ ഫോൺ സന്ദേശം വന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ച പ്രകാരം പൊലീസ് എത്തി പൂട്ട് തകർത്താണ് മുറിക്കുള്ളിൽ കയറിയത്.
വായിൽ നിന്ന് നുരയുംപതയും വന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. വിഷം കഴിച്ചു മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഗായത്രിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ നേരത്തെ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

