യുവതി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്ന് നാട്ടുകാർ
text_fieldsതാമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിൽ അപ്പാർട്ട്മെൻറിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനി ഹസ്ന(34)യെ ആണ് ഫ്ലാറ്റിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹമോചിതയും മൂന്നു മക്കളുടെ മാതാവുമായ ഹസ്ന ഈങ്ങാപ്പുഴ വേനക്കാവ് സ്വദേശി ആദിലി(29)ന്റെ കൂടെയാണ് ഇവിടെ താമസിച്ചിരുന്നത്. ആദിലും വിവാഹമോചിതനാണ്. എട്ടുമാസം മുൻപാണ് ഇരുവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത്.
ഇന്നലെ രാവിലെ പത്തുമണി ആയിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് പങ്കാളിയായ ആദിൽ ഫ്ലാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വാതിൽ ചവിട്ടി പൊളിച്ച് നോക്കിയപ്പോൾ ഹസ്നയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപ്പാർട്ട്മെൻറിൽ ഇരുവരും മാത്രമാണ് താമസിച്ചിരുന്നത്. മരണത്തിൽ ദുരൂഹതയുള്ളതായി പ്രദേശവാസികൾ പറയുന്നു. കാലുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു. കഴുത്തിന്റെ പിൻഭാഗത്ത് മുറിവുകൾ ഉണ്ടായിരുന്നെന്നും അടച്ചിട്ട വാതിൽ ചെറുതായി തള്ളിയപ്പോൾ തുറന്നതായും നാട്ടുകാർ പറഞ്ഞു. അപ്പാർട്ട്മെൻറിലേക്ക് നിരവധി വാഹനങ്ങൾ രാത്രി കാലങ്ങളിൽ എത്തിയിരുന്നതായും പറയപ്പെടുന്നു. മരണശേഷവും ആദിൽ സന്തോഷവാനായാണ് കാണപ്പെട്ടതെന്നും മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഈങ്ങാപ്പുഴയിൽ മാതാവിനെ വെട്ടിക്കൊന്ന ആഷിഖിന്റെ മാതൃസഹോദരിയുടെ മകനാണ് ആദിൽ. ആദിലിന്റെ വീട്ടിൽ വെച്ചാണ് മകൻ ആഷിഖ് മാതാവായ സുബൈദയെ വെട്ടിക്കൊന്നത്. ഇവർ രണ്ടുപേരുടെയും സുഹൃത്തായിരുന്നു ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിർ. ഹസ്നയുടെ മരണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

