‘ഇതൊക്കെ എന്തുവാ? നടുറോഡിലാണോ നിങ്ങൾ പരിപാടി നടത്തുന്നത്...’ -എൻ.എസ്.എസ് മാർച്ചിനിടെ റോഡ് ബ്ലോക്കായതിൽ ക്ഷോഭിച്ച് യുവതി
text_fieldsതിരുവനന്തപുരം: ‘റോഡിന്റെ നടുവിൽ വെച്ചാണോ നിങ്ങൾ പരിപാടി നടത്തുന്നത്... എന്തിനാ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത്?’ സുകുമാരൻ നായർക്ക് ഐക്യദാർഢ്യവുമായി എൻഎസ്എസ് നടത്തിയ റാലിയിൽ റോഡ് തടസ്സപ്പെടുത്തിയതിനെതിരെ യാത്രക്കാരിയുടെ പ്രതിഷേധം. എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെയായിരുന്നു സംഭവം.
‘റോഡിൽ വെച്ചിട്ടാണോ പരിപാടി നടത്തുന്നത്? എത്ര ആൾക്കാർക്കാ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഞാൻ വേറൊന്നും കൊണ്ടല്ല സംസാരിക്കുന്നത്, ഈ ജനങ്ങൾക്ക് വേണ്ടിയാണ്. ഇതൊക്കെ എന്തുവാ? ആരാ ഇതിനൊക്കെ അനുമതി കൊടുക്കുന്നത്? അടുത്ത് തന്നെ ഗാന്ധി പാർക്ക് ഉണ്ടല്ലോ.. അവിടെ പരിപാടി സംഘടിപ്പിച്ചുകൂടേ? എന്തിനാ ആൾക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ചെയ്യുന്നത്? ഞങ്ങൾ പൊലീസിനോട് പറയുമ്പോൾ അവർക്കൊന്നും അറിയില്ല. നിങ്ങൾ ഇങ്ങനെ ചെയ്താൽ അവർക്കൊന്നും പറയാനും പറ്റത്തില്ല. എന്ത് ഗവൺമെന്റ് എന്ത് സർക്കാർ.. എല്ലാവരും നല്ലത് ചെയ്യുന്നുണ്ട്. പക്ഷേ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ രീതിയിൽ കാര്യങ്ങളൊന്നും ചെയ്യാൻ പാടില്ല. എത്രപേരാ ഈ ബ്ലോക്കിൽപെട്ട് കിടക്കുന്നത് എന്നറിയാമോ? എറണാകുളത്തുനിന്ന് യാത്ര ചെയ്തു വരുന്നതാ ഞാൻ. ഈ പ്രകടനം കൊണ്ട് ഒരു വണ്ടി പോലും കിട്ടുന്നില്ല. നല്ലത് ചെയ്യാം. പക്ഷേ ഇത് എന്തുവാ? എല്ലാവരും നല്ലത് ചെയ്യുന്നുണ്ട്. വിവരമുള്ള ആരെങ്കിലും ഇങ്ങനെ ചെയ്യുമോ?’ -യുവതി ചോദിച്ചു.
ഇന്ന് വൈകീട്ട് നാലിന് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് തുടങ്ങിയ പ്രകടനം സെക്രട്ടേറിയറ്റിന് സമീപമാണ് സമാപിച്ചത്. റാലിയെ തുടർന്ന് നഗരത്തിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചിരുന്നു. പലറൂട്ടുകളിലും വാഹനം കടത്തിവിട്ടില്ല. ഇത് വൈകീട്ട് ജോലി കഴിഞ്ഞ് പോകുന്നവരെയും വിദ്യാർഥികളെയും വിവിധ ആവശ്യങ്ങൾക്ക് നഗരത്തിൽ എത്തിയവരെയും വലച്ചു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങൾക്കെതിരെയാണ് തിരുവനന്തപുരം താലൂക്ക് യൂണിയൻ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തിയത്. സുരേഷ് ഗോപിക്കോ ഉപരാഷ്ട്രപതിക്കോ മുഖ്യമന്ത്രിക്കോ എതിരെയുള്ള റാലിയല്ലെന്ന് എൻ.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ‘പൊതുസമൂഹത്തിൽ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് നായർ സർവിസ് സൊസൈറ്റിക്കും അതിന്റെ ബഹുമാന്യനായ ജനറൽ സെക്രട്ടറിക്കും എതിരെ ചില പരാമർശങ്ങൾ ഉണ്ടായി. ഇതൊരു പ്രതിഷേധ പ്രകടനമേ അല്ല. ഇത് ഞങ്ങളുടെ നായർ സർവിസ് സൊസൈറ്റിയുടെ പ്രിയങ്കരനായ, ബഹുമാന്യനായ ജനറൽ സെക്രട്ടറിക്ക് ഞങ്ങളുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ജാഥയാണ്. അത്രയേ ഉള്ളൂ’ -അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി എം.പിയും ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനുമാണ് അദ്ദേഹത്തിനെതിരെ പ്രധാനമായും വിമർശനം ഉന്നയിച്ചത് എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ‘ഞങ്ങൾ സുരേഷ് ഗോപിയെയോ ഉപരാഷ്ട്രപതിയെയോ ഒന്നും പറയുന്നില്ല. ജനറൽ സെക്രട്ടറിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങളുടെ സ്നേഹം പ്രകടിപ്പിച്ച് നടത്തുന്ന ജാഥയാണ്’ -എന്നായിരുന്നു മറുപടി. ‘ഈ റാലി ഒരു വ്യക്തിക്കും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും എതിരല്ല. അപവാദ പ്രചരണങ്ങൾക്കെതിരെ മാത്രമാണ്’ -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എൻ.എസ്.എസ് ഡൽഹി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നിർമ്മിച്ച മന്നം സ്‌മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ രൂക്ഷമായി വിമർശിച്ചിരുന്നു. 'നിങ്ങളാണ് എല്ലാമെന്ന് വിചാരിക്കരുത്. നിങ്ങൾ ഇപ്പോൾ എല്ലാമായിരിക്കുന്നത് മന്നത്ത് പത്മനാഭന്റെ സംഭാവനകൾ കാരണമാണ്.. അദ്ദേഹത്തിന്റെ പാരമ്പര്യം തുടർന്നു കൊണ്ടു പോകുന്ന ഉപകരണം മാത്രമാണ് നമ്മൾ. ഞാൻ പ്രസിഡന്റാണ്, ജനറൽ സെക്രട്ടറിയാണെന്ന് പറഞ്ഞ്, മന്നം സമാധിയിലേക്ക് ഇന്നയാൾ വരരുതെന്ന് നിലപാടെടുക്കാനാകില്ല. മഹത്തായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നത് വലിയ സാമ്പത്തിക ശേഷി കൊണ്ടല്ല, പ്രതിബദ്ധത കൊണ്ടാണെന്ന് മന്നത്ത് പത്മനാഭൻ വിശ്വസിച്ചിരുന്നു’- എന്നായിരുന്നു ഉദ്ഘാടന പ്രസംഗത്തിൽ ഉപരാഷ്ട്രപതി പറഞ്ഞത്.
പെരുന്ന ശുദ്ധീകരിക്കപ്പെടുമെന്ന് ചടങ്ങിനു ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ഒന്നുകിൽ ഇപ്പോൾ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കും. അല്ലെങ്കിൽ സ്വയം ശുദ്ധീകരിക്കപ്പെടും. തെരഞ്ഞെടുപ്പിന് ശേഷം വലിയ ശുദ്ധി നടന്നു. പെരുന്നയ്‌ക്ക് ബദൽ കണ്ടെത്തണം. ഡൽഹിയിലെ മണ്ഡപം ബദലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണന് പെരുന്ന മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുമതി നൽകിയിരുന്നില്ല. 2015ൽ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ സുരേഷ് ഗോപിയെ കാണാൻ സുകുമാരൻ നായർ വിസമ്മതിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

