ഓടുന്ന ബസിനടിയിൽ വീണ യുവതിയെ മുടിമുറിച്ച് രക്ഷിച്ചു; അപകടത്തിൽനിന്ന് അൽഭുതകരമായ രക്ഷപ്പെടൽ
text_fieldsകോട്ടയം ചിങ്ങവനത്ത് ബസിനടിയിലേക്ക് വീണ യുവതിയെ മുടി മുറിച്ച് രക്ഷപ്പെടുത്തുന്നു (ഫോട്ടോ കടപ്പാട്: മനു പാറയില്‍)
കോട്ടയം: ചിങ്ങവനത്ത് ഓടുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിനടിയിൽ വീണ യുവതി അൽഭുതകരമായി രക്ഷപ്പെട്ടു. ബസിന്റെ ടയറിനടിയിൽ യുവതിയുടെ മുടി കുടുങ്ങിയതോടെ നാട്ടുകാർ ചേർന്ന് മുടിമുറിച്ചാണ് രക്ഷിച്ചത്.
കുറിച്ചി സ്കൂൾ ജീവനക്കാരി കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ചിങ്ങവനം പുത്തൻപാലത്തായിരുന്നു അപകടം. സ്കൂൾ വിദ്യാർഥികളുമായി വരുന്ന ബസിെൻറ ആയയാണ് അമ്പിളി.
കുട്ടികളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ച ശേഷം സ്കൂള്‍ ബസിന് അടുത്തേക്ക് തിരികെ വരികയായിരുന്നു. ഇതിനിടെ ഇതുവഴി കെ.എസ്.ആർ.ടി.സി കോതമംഗലം ഫാസ്റ്റ് വരുന്നത് കണ്ട് വേഗത്തില്‍ നടക്കുന്നതിനിടയില്‍ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. അമ്പിളിയെ കണ്ട് ബസ് ഡ്രൈവര്‍ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തെങ്കിലും ഇവരെ കടന്നാണ് നിന്നത്. എംസി റോഡില്‍ ചിങ്ങവനം പുത്തന്‍ പാലത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം.
ടയറിനോട് ചേർന്ന ഭാഗത്തായാണ് അമ്പിളി വീണത്. ടയറിനടിയില്‍ മുടി കുടുങ്ങിയതോടെ എഴുന്നേൽക്കാൻ കഴിയാതായി. സമീപത്ത് തട്ടുകട നടത്തുന്നയാൾ കത്രിക കൊണ്ട് മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് കടയില്‍ നിന്ന് കത്തി വാങ്ങി മുടി മുറിച്ചാണ് അമ്പിളിയെ പുറത്തെടുത്തത്. റോഡിൽ തലയടിച്ചതിനെ തുടർന്നു നിസ്സാര പരിക്കേറ്റ അമ്പിളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

