കോഴിക്കോട്: മെഡിക്കൽ കോളജിലെ വനിത ഡോക്ടർക്ക് നടുറോഡിൽ മർദനവും അസഭ്യവർഷവും. ഗൈനക്കോളജി അസി.പ്രഫ. ഡോ. അമ്പിളിയാണ് ബുധനാഴ്ച ഉച്ചയോടെ നടുറോഡിൽ വെച്ച് അക്രമത്തിനിരയായത്. ചേവായൂർ പ്രസന്‍റേഷൻ സ്കൂളിന് സമീപമായിരുന്നു സംഭവം. ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ റോഡിൽ വെച്ച് സ്കൂട്ടർ യാത്രക്കാരനുമായി വാക്കുതർക്കമുണ്ടായി.
ഇതോടെ ഇയാൾ ഡോക്ടറുടെ കാറിന് കുറുകെ വണ്ടി നിർത്തിയിടുകയായിരുന്നു. ഇതുകണ്ട് കാറിൽ നിന്ന് ഇറങ്ങിവന്ന ഡോക്ടറുടെ മുഖത്ത് ഇടിച്ചതിനു ശേഷം ഇയാൾ വണ്ടിയെടുത്ത് സ്ഥലംവിട്ടു. മുഖത്ത് പരിക്കേറ്റ് മൂക്കിൽ നിന്നും രക്തമൊലിച്ച നിലയിലാണ് ഡോക്ടറെ ആശുപത്രിയിലെത്തിച്ചത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചന.