ടെന്‍റ് തകർന്ന് യുവതി മരിച്ച സംഭവം: റിസോർട്ട് മാനേജറും സൂപ്പർവൈസറും അറസ്റ്റിൽ
text_fieldsവയനാട്: മേപ്പാടിയിലെ തൊള്ളായിരംകണ്ടിയിൽ റിസോർട്ടിൽ ടെന്‍റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജറും സൂപ്പർവൈസറും അറസ്റ്റിൽ. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഈ മാസം 28 വരെ റിമാൻഡ് ചെയ്തു.
സുഹൃദ്സംഘത്തിനൊപ്പം റിസോർട്ടിലെത്തിയ മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിനി എരഞ്ഞിമങ്ങാട് നിഷ്മയാണ് (25) മരിച്ചത്. മേപ്പാടി കള്ളാടി തൊള്ളായിരംകണ്ടിയിലെ എമറാൾഡ് റിസോർട്ടിൽനിന്ന് മറ്റൊരാൾ പാട്ടത്തിനെടുത്ത് നടത്തുന്ന ടെന്‍റ് ഗ്രാമിൽ വ്യാഴാഴ്ച പുലര്‍ച്ച രണ്ടുമണിയോടെ ആണ് അപകടം. മരംകൊണ്ട് നിര്‍മിച്ച് പുല്ലുമേഞ്ഞ ഷെഡില്‍ നാലു ടെന്‍റുകളിലായി ഒമ്പതു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നാമത്തെ ടെന്‍റിലായിരുന്നു നിഷ്മ.
രണ്ടുമണിയോടെ വൈക്കോല്‍ മേഞ്ഞ ഷെഡിന്റെ മേല്‍ക്കൂര ടെന്റുകള്‍ക്ക് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. ശബ്ദം കേട്ട് തൊട്ടടുത്ത ടെന്റുകളില്‍ കഴിഞ്ഞിരുന്നവര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് നിഷ്മ മരിച്ചത്.
നിഷ്മ ഉറങ്ങിയ ടെന്റില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ സ്വദേശിനി ജിമോള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
തൊട്ടടുത്ത ടെന്റില്‍ ഉണ്ടായിരുന്ന കോഴിക്കോട് മീഞ്ചന്ത സ്വദേശി കാട്ടില്‍ കെ. അഖിലിനെ (29) പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16 അംഗ സംഘത്തിനൊപ്പമാണ് നിഷ്മ റിസോര്‍ട്ടിലെത്തിയത്. റിസോര്‍ട്ട് അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. റിസോർട്ടും ടെന്റഗ്രാമും മേപ്പാടി പൊലീസ് പൂട്ടിച്ചു.
കനത്ത മഴയാണ് അപകട കാരണമെന്നാണ് റിസോര്‍ട്ട് അധികൃതരുടെ വിശദീകരണം. ഷെഡിന്റെ മരത്തിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലാണ്.
വ്യാഴാഴ്ച രാത്രി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. സംഭവത്തില്‍ മേപ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.ഐ ജയപ്രകാശിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടിലെത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുഹൃദ്സംഘമാണ് വിനോദസഞ്ചാരത്തിന് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

