തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
text_fieldsകാസർകോട്: ബേഡകത്ത് തമിഴ്നാട് സ്വദേശി തിന്നർ ഒഴിച്ച് കടയ്ക്കുള്ളിലിട്ട് തീകൊളുത്തിയ കാസർകോട് സ്വദേശിനി മരിച്ചു. മുന്നാട് പലചരക്ക് കട നടത്തുന്ന മണ്ണടുക്കം സ്വദേശിനി രമിതയാണ് (32) മരിച്ചത്. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം എന്നയാളാണ് ക്രൂരത ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് രാമാമൃതം ആക്രമണം നടത്തിയത്. രമിതയുടെ കടയുള്ള കെട്ടിടത്തിലെ മറ്റൊരു മുറിയിൽ ഫർണിച്ചർ നിർമാണ കട നടത്തുകയാണ് രാമാമൃതം. സ്ഥിരമായി മദ്യപിക്കുന്ന രാമാമൃതം രമിതയുടെ കടയിലെത്തി പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് രമിത കെട്ടിട ഉടമയോട് പരാതി പറയുകയും തുടർന്ന് രാമാമൃതത്തോട് കട ഒഴിയാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് മദ്യപിച്ചെത്തിയ ഇയാൾ രമിതയെ ആക്രമിച്ചത്.
50 ശതമാനം പൊള്ളലേറ്റ രമിതയെ ആദ്യം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് രമിത മരിച്ചത്. രാമാമൃതം റിമാൻഡിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.