അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു
text_fieldsഇടുക്കി: ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സ്ത്രീ മരിച്ചു. വല്ലറക്കൻ പാറക്കൽ ഷീലയാണ് (31) മരിച്ചത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഷീലയെ തീകൊളുത്തിയ അയൽവാസി ശശികുമാറും പൊള്ളലേറ്റ് ചികിത്സയിലാണ്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ശശി കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. ചെല്ലക്കണ്ടം പാറക്കൽ ഭാഗത്തെ സ്വകാര്യ എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ മറ്റ് തൊഴിലാളികൾക്കൊപ്പം ഷീല ഏലം ശേഖരിക്കുകയായിരുന്നു. ഈ സമയം ഇവിടെ വന്ന ശശികുമാർ ഷീലയോട് സംസാരിക്കുകയും കൈയിൽ കടന്നുപിടിച്ച് എസ്റ്റേറ്റ് ലയത്തിലേക്ക് വലിച്ച് കൊണ്ടുപോകുകയുമായിരുന്നുവെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു.
തൊഴിലാളി സ്ത്രീകൾ ബഹളം വെച്ചതോടെ ഇയാൾ ഷീലയെ മുറിക്കകത്ത് കയറ്റി കതകടച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും ശശി, ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി.
തലയിലും മുഖത്തും ശരീരത്തുമായി ഷീലക്ക് 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇരുവരും തമിഴ് വംശജരാണ്. രണ്ടുപേരും വിവാഹിതരും രണ്ട് കുട്ടികൾ വീതമുള്ളവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

