കെ.എസ്.ആർ.ടി.സി ബസിൽ യുവതി കുഴഞ്ഞുവീണു, രക്ഷകരായി കണ്ടക്ടറും ഡ്രൈവറും
text_fieldsകെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് കണ്ടക്ടറും ഡ്രൈവറും രക്ഷകരായി. കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് സംഭവം. ബസിൽ കയറിയ പിരപ്പൻകോട് സ്വദേശി അനന്തലക്ഷ്മിയാണ് (23) കുഴഞ്ഞുവീണത്.
വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭ്യമല്ലാത്തതിനാൽ യാത്രക്കാരെ സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടശേഷം യുവതിയെ ബസിൽത്തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തിരുവനന്തപുരം ആയുർവേദ കോളേജിലേക്ക് തുടർചികിത്സയ്‌ക്കായി പോകുകയായിരുന്നു അനന്തലക്ഷ്‌മിയും അമ്മയും. മണ്ണന്തല എത്തിയപ്പോഴേക്കും അനന്തലക്ഷ്‌മി കുഴഞ്ഞുവീണു. ഉടൻതന്നെ കണ്ടക്‌ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു. നടുവേദനക്ക് ചികിത്സയിലായിരുന്ന യുവതി വേദന കൂടി കുഴഞ്ഞുവീഴുകയായിരുന്നു.
നടക്കാൻ കഴിയാതിരുന്ന യുവതിയെ സ്‌ട്രെച്ചറിലാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവതി ആശുപത്രി വിട്ടുവെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

