ഇതേ തീവണ്ടി, സ്ഥലം കണ്ണൂർ; അന്ന് 35കാരിയെ തീയിട്ടുകൊന്നു
text_fields2014 ഒക്ടോബര്‍ 20ന് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യുവതിയെ തീയിട്ട സീറ്റ് അന്വേഷണസംഘം പരിശോധിക്കുന്നു -ഫയൽ ചിത്രം
കണ്ണൂർ: 2014 ഒക്ടോബര്‍ 20. അന്നൊരു തിങ്കളാഴ്ചയായിരുന്നു. തലേന്നത്തെ ഓട്ടം കഴിഞ്ഞ് കണ്ണൂർ റെയിൽവെ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുന്ന ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയിനിൽനിന്ന് പുലർച്ചെ 4.30ന് നാടിനെ നടുക്കിയ നിലവിളി ഉയർന്നു, ഒപ്പം തീനാളങ്ങളും. മിനിഞ്ഞാന്ന് എലത്തൂരിൽ അക്രമി തീയിട്ട അതേ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ അന്ന് എരിഞ്ഞമർന്നത് മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ ഫാത്വിമ (35)യെന്ന പാത്തുവായിരുന്നു.
തമിഴ്‌നാട് തേനി അംബേദ്ക്കര്‍ നഗര്‍ സ്വദേശി സുരേഷ് കണ്ണനാണ് (29) കൊടുംക്രൂരത ചെയ്തത്. നേരത്തെ പരിചയക്കാരായിരുന്നു സുരേഷും പാത്തുവും. തലേദിവസം കോഴിക്കോടുനിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട ഇരുവരും കണ്ണൂരില്‍ ഇറങ്ങിയതായിരുന്നു. തുടര്‍ന്ന് മംഗളൂരുവിലേക്ക് പോകാന്‍ പാത്തു വിസമ്മതിച്ചു. ഇതിനിടയില്‍ പാത്തു റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മറ്റ് രണ്ടുപേരോട് സംസാരിക്കുന്നത് സുരേഷ് കാണാനിടയായി.
ഉടൻ തന്നെ സമീപത്തെ മില്‍മ ബൂത്തില്‍നിന്ന് ഒരു കുപ്പിവെള്ളം വാങ്ങിയ സുരേഷ് കുപ്പിയില്‍നിന്ന് വെള്ളം പുറത്തേക്കൊഴിച്ചശേഷം തൊട്ടടുത്ത പെട്രോള്‍ പമ്പില്‍നിന്ന് ഡീസല്‍ വാങ്ങി. ഡീസലുമായി തിരിച്ചെത്തിയ സുരേഷ് കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനില്‍ ഇരിക്കുകയായിരുന്ന പാത്തുവിനെ കണ്ടെത്തി ദേഹത്ത് ഡീസലൊഴിച്ച് തീ കൊളുത്തി. ശരീരത്തില്‍ തീ പടര്‍ന്ന് പുറത്തേക്ക് ചാടിയ യുവതിയെ ഓടിയെത്തിയവർ ചേർന്ന് സമീപത്തെ ജില്ലാ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ടോടെ മരിച്ചു.
കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രക്കിടയില്‍ പാത്തു തെൻറ ദേഹത്ത് ഒരാള്‍ ഡീസലൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. പ്രതിയുടെ പേര് പറഞ്ഞിരുന്നില്ല. സംഭവസമയത്ത് റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്നവരുടെ സഹായത്തോടെ പൊലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കുകയും ഊര്‍ജിതമായ അന്വേഷണം നടത്തുകയും ചെയ്തു. സംഭവം നടന്ന് 11ാം ദിവസം പ്രതി തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

