യുവാവിന്റെ സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്തു; യുവതി പിടിയിൽ
text_fieldsപ്രതി ഹമിഷ ദാസ്
തൃശൂർ: സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിന്റെ സ്വർണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. തൃശൂർ പാവറട്ടി വെങ്കിടങ്ങ് പണ്ടാറമേട് എടക്കാട് വീട്ടിൽ ഹമിഷ ദാസ് (25) ആണ് പീച്ചി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജൂൺ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചേലക്കര സ്വദേശിയായ യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഹമിഷ ദാസ്, പീച്ചി ഡാമിൽ നേരിട്ട് കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി. ഡാമിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് യുവാവിന്റെ കഴുത്തിൽ കിടന്ന നാല് പവന്റെ സ്വർണമാല ഊരി ധരിക്കുകയും ഇത് എതിർത്ത യുവാവിനോട്, ബഹളം വെച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തി കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണും കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു. തുടർന്ന് യുവാവ് പീച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയ അന്വേഷണത്തിൽ പ്രതി എറണാകുളം കടവന്ത്രയിലുണ്ടെന്ന് മനസ്സിലാക്കുകയും സ്ഥലത്തെത്തിയ പൊലീസ് സംഘം വിദഗ്ധമായി യുവതിയെ പിടികൂടുകയുമായിരുന്നു.
അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ജിനോ പീറ്റർ, അസി. സബ് ഇൻസ്പെക്ടർ ഗീത, സിവിൽ പൊലീസ് ഓഫിസർ നിധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

