വീട്ടിലെ പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
text_fieldsതൃശൂർ: എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തിൽ നവജാതശിശുവും പിന്നാലെ അമ്മയും മരിച്ച സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ചാവക്കാട് എടക്കഴിയൂർ ഹൈസ്കൂളിനു സമീപം കല്ലുവളപ്പിൽ ഇബ്രാഹി(43)മിനെയാണ് അറസ്റ്റ് ചെയ്തത്. ചാവക്കാട് എസ്.എച്ച്.ഒ. എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഴാമത്തെ പ്രസവത്തിന് പിന്നാലെയാണ് മുഹ്സിന (37) മരണപ്പെട്ടത്. ഭർത്താവിനെതിരെ മുഹ്സിനയുടെ കുടുംബമാണ് പരാതി നൽകിയത്. കഴിഞ്ഞ ജനുവരി ആറിനായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. അവസാന പ്രസവം വീട്ടിൽ വെച്ചാണ് നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചു. ഇവരുടെ രണ്ട് കുട്ടികൾ മുമ്പ് മരിച്ചിരുന്നു. അക്യുപങ്ചറിസ്റ്റാണ് ഭർത്താവ് ഇബ്രാഹിം.
പ്രസവ സമയത്തുണ്ടായ പിഴവുകളും പ്രസവ ശേഷമുള്ള പരിചരണം ലഭിക്കാത്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് മുഹ്സിനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗർഭപാത്രം മുതൽ എല്ലാഭാഗങ്ങളിലും അണുബാധയുണ്ടായിരുന്നു. അശാസ്ത്രീയ അക്യുപങ്ചർ ചികിത്സ നൽകിയത് മറ്റൊരു യുവതിയാണെന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.
അശാസ്ത്രീയമായ രീതിയിൽ നടന്ന പ്രസവത്തെ തുടർന്ന് ഗർഭപാത്രത്തിലും ജനനേന്ദ്രിയത്തിലും ഉണ്ടായ മുറിവും രക്തസ്രാവവും അണുബാധയുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ഫോറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ് ഹിതേഷ് ശങ്കറിന്‍റെ നേതൃത്വത്തിൽ നാല് മണിക്കൂർ എടുത്താണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പ്രസവ ശേഷം പ്ലാസന്‍റ ഉൾപ്പെടെയുള്ളവ ഗർഭപാത്രത്തിൽ അവശേഷിച്ചിരുന്നു. ഇതാകാം അണുബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ചികിത്സ ലഭിക്കാത്തത് മുറിവുകൾ പഴുക്കാനും അണുബാധക്കും കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

