ചെങ്ങന്നൂർ: ദുൈബയിൽനിന്നെത്തിയ മാന്നാർ കുരട്ടിക്കാട് വിസ്മയ വിലാസത്തിൽ ബിന്ദു ബിനോയിയെ (39) സായുധസംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. സ്വർണക്കടത്ത് ബന്ധം സംശയിക്കുന്ന സംഭവത്തിൽ, യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന് സഹായം ചെയ്ത മാന്നാർ കുരട്ടിശ്ശേരി റാണിപ്പറമ്പിൽ പീറ്ററിനെ (35) ആണ് മാന്നാർ െപാലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച മുതൽ കസ്റ്റഡിയിലുള്ള ഇയാളുടെ അറസ്റ്റ് ചൊവ്വാഴ്ച രാത്രിയാണ് രേഖപ്പെടുത്തിയത്.
തട്ടിക്കൊണ്ടുപോയ സംഘത്തിനും യുവതിക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ദുബൈയിൽനിന്ന് വിമാനത്തിൽ കയറുേമ്പാൾ പൊന്നാനി സ്വദേശി ഹനീഫ എന്നയാൾ ഒരു പൊതി തന്നുവിട്ടെന്നും ഇത് സ്വർണമാണെന്ന് പിന്നീട് മനസ്സിലായപ്പോൾ മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്നും ബിന്ദു വെളിപ്പെടുത്തിയിരുന്നു. യുവതിയെ ഉപയോഗിച്ച് നേരേത്തയും സ്വർണം കടത്തിയതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിനിടെ, അന്വേഷണഭാഗമായി പൊന്നാനിയിലെ രണ്ട് വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തി.
പൊലീസിനുപുറമെ കസ്റ്റംസും കേസ് അന്വേഷിക്കുന്നുണ്ട്. കൊച്ചിയിൽനിന്നുള്ള അഞ്ചംഗ കസ്റ്റംസ് ഉദ്യോഗസ്ഥസംഘം മാന്നാർ പൊലീസ് സ്റ്റേഷനിലും ബിന്ദുവിെൻറ വീട്ടിലും എത്തി വിവരങ്ങൾ ശേഖരിച്ചു.
യുവതിയുടെ വലത് കൈപ്പത്തിക്ക് വടിവാൾ കൊണ്ട് മുറിവേറ്റിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം ബന്ധുക്കൾക്കൊപ്പം വിട്ട ബിന്ദുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.