ആലപ്പുഴ: മാന്നാറിൽ അർധരാത്രി യുവതിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് വ്യക്തമായതിന് പിന്നാലെ കസ്റ്റംസ് അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കസ്റ്റംസ് സംഘം ചൊവ്വാഴ്ച ഉച്ചക്ക് യുവതിയുടെ വീട്ടിലെത്തി. യുവതി സ്വർണക്കടത്തുകാരുടെ വാഹകരിൽ ഉൾപ്പെട്ടയാളാണെന്നാണ് പൊലീസിന്റെ നിഗമനം. ഇതോടെയാണ് കേസിൽ കസ്റ്റംസിന്റെ ഇടപെടൽ.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന് പുറമേ മാന്നാർ പോലീസിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
ദുബായില്‍നിന്ന് ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നിരുന്നതായും പിടിക്കപ്പെടുമെന്ന് ഭയന്നപ്പോള്‍ ഇത് വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായും ബിന്ദു പൊലീസിന് മൊഴി നൽകി. എന്നാൽ യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.